കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
എറണാകുളം: കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍ പുറത്ത് പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാന്‍ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാന്‍ കൊള്ളാത്തനാട്, യുവാക്കള്‍ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ കാണാതെ പോകുന്നില്ല. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണം. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് കര്‍മ്മചാരി പദ്ധതി നടപ്പിലാക്കും. പഠനത്തോടൊപ്പം തൊഴില്‍ എന്നതാണ് കര്‍മ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് കര്‍മ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും’- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നത് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. ‘വിദേശ രാജ്യങ്ങളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ ശ്രമിക്കും. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഒപ്പം പാര്‍ട്ട് ടൈം ജോലി ലഭിക്കുന്ന തരത്തില്‍ കരിക്കുലം പരിഷ്‌കരണം നടപ്പാക്കും. കോളേജുകളില്‍ പരീക്ഷ ഫലം വൈകുന്നത് തടയാന്‍ സോഫ്‌റ്റ്വെയര്‍ കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും’- മന്ത്രി കൂട്ടിച്ചേര്‍ത്തു.