നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് പുതുവേഗമേകി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ്
കുറ്റ്യാടി: നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് പുതുവേഗമേകി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ്. കുറ്റ്യാടിയിലെ നാളികേര ഭക്ഷ്യസംസ്കരണ പാര്‍ക്കിന് തുക അനുവദിച്ചതും തേങ്ങയുടെ താങ്ങുവില 34 ആയി ഉയര്‍ത്തിയതും കര്‍ഷകര്‍ക്ക് ആശ്വാസമാകും.കുറ്റ്യാടി പാര്‍ക്കുള്‍പ്പെടെ കെഎസ്‌ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് ബജറ്റില്‍ 31.75 കോടിയാണ് നീക്കിവച്ചത്.നാളികേരത്തില്‍നിന്ന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന നാളികേര പാര്‍ക്കിനായി കമ്ബനി രൂപീകരിച്ച് വേളം പഞ്ചായത്തിലെ മണിമലയിലാണ് 116 ഏക്കര്‍ വിലയ്‌ക്കുവാങ്ങിയത്. ഡിസംബറില്‍ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. ഏഴരക്കോടി ചെലവില്‍ ചുറ്റുമതില്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ പൂര്‍ത്തിയായി. 2024ല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കും. നാളികേര അനുബന്ധ ഭക്ഷ്യസംസ്കരണ വ്യാവസായിക മേഖലയില്‍ പാര്‍ക്ക് കുതിപ്പേകും.