ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ലഭിച്ചു. എല്ലാ മതങ്ങളുടെയും സാഹോദര്യത്തിനും സമത്വത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
സ്വാമി അയ്യപ്പൻ ഉൾപ്പെടെ 85 ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ശ്രീകുമാരൻ തമ്പി ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങൾ എന്നീ ആൽബങ്ങളുടെ ഗാനരചയിതാവാണ്. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’, ‘ഉഷസന്ധ്യകള്‍ തേടിവരുന്നു’, ‘അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍’ എന്നിവയാണ് അദ്ദേഹം രചിച്ച ഭക്തിഗാനങ്ങളിൽ ചിലത്.
മകരവിളക്ക് ദിനമായ ജനുവരി 14ന് രാവിലെ 8 മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ദേവസ്വം മന്ത്രി സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞൻ പാൽക്കുളങ്ങര കെ അംബികാദേവി, ദേവസ്വം സെക്രട്ടറി കെ.ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവരാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.