ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയിലായിരിക്കും; ഇടുക്കിയിലെ ജനങ്ങളെ വിട്ടിട്ട് എങ്ങോട്ടും പോകാൻ കഴിയില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞതായി ജോസ് കെ മാണി

കട്ടപ്പന:സിറ്റിങ് എംഎല്‍എമാരില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് ഞങ്ങള്‍ കൂടിയിരുന്ന് ആലോചിച്ചു.അതില്‍ എൻ്റെ കാര്യവും മറ്റ് സിറ്റിങ് എംഎല്‍എമാരുടെ കാര്യവും വന്നു. റോഷിയോട് ഇടുക്കിയില്‍ തന്നെ തുടരണമെന്ന് പറഞ്ഞപ്പോള്‍ താന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയില്‍ ആയിരിക്കും. ഇടുക്കിയിലെ ജനങ്ങളെ വിട്ടിട്ട് എനിക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് പരിമിതിയുണ്ട്.എന്നാല്‍ സ്ഥാനാര്‍ഥിയെ എനിക്ക് നിശ്ചയിക്കാന്‍ കഴിയും. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി റോഷി അഗസ്റ്റിന്‍ മത്സരിക്കും’- ജോസ് കെ മാണി പറഞ്ഞു.2001 മുതല്‍ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021-ല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്കാണ് റോഷി പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എമാര്‍ തുടരുമെന്ന് കേരള കോണ്‍ഗ്രസ് എം നേരത്തെ സൂചന നല്‍കിയിരുന്നു. എം.എല്‍.എ.മാര്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുമുണ്ടായിരുന്നു.ജോസ് കെ.മാണി പാലായിൽ ഭവനസന്ദർശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്.
അതേസമയം സി.പി.എമ്മിന്റെ സ്ഥാനാർഥികളിൽ പാർട്ടി 13-ന് തീരുമാനം എടുക്കുമെന്നിരിക്കെ കേരള കോൺഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യങ്ങളിൽ എന്തെന്നുള്ളതിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോൺഗ്രസിന് കിട്ടൂ എന്നാണ് സൂചന. 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനുമുമ്പ് ചർച്ചയുണ്ടാകുമെന്ന് കേരള കോൺഗ്രസിന് അറിയിപ്പും നൽകിയിട്ടില്ല.മുന്നണി സീറ്റുധാരണ ഉണ്ടായശേഷമാകും പാർട്ടിക്കുള്ളിലെ സീറ്റുകൾ ആർക്കൊക്കെ എന്നതിൽ തീരുമാനമെടുക്കേണ്ടത്. കേരള കോൺഗ്രസിന്റെ ഹൈപവർ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ ചേരേണ്ടത്. ഇടതുമുന്നണി വികസന സന്ദേശയാത്ര നടത്തുന്നതിന് മുമ്പ് സ്ഥാനാർഥി നിർണയത്തിന് ചെയർമാൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയിരുന്നു.













































































