ബഫര്‍ സോൺ വിഷയം; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം
ന്യൂഡല്‍ഹി: കരട് വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിലെ ബഫർ സോൺ വിധിയിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേരളത്തിന്‍റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ നിരീക്ഷണം ഉണ്ടായത്. ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്ര സർക്കാരും സമർപ്പിച്ച ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഇളവ് നൽകണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ഇതിനകം ഇളവുകൾ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കരട് വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ഇളവ് നൽകണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് മൂന്നംഗ ബെഞ്ചിന് വിടണമോ അതോ രണ്ടംഗ ബെഞ്ചിന് തന്നെ ഉത്തരവ് പുറപ്പെടുവിക്കാനാകുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്ന് സംസ്ഥാന സർക്കാരിൻ്റെ അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഇത് ഹൈക്കോടതിയുടെ പ്രവർത്തനത്തെപ്പോലും ബാധിച്ചതായി അഭിഭാഷകർ വാദിച്ചു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ കൂടാതെ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷോങ്കറും സർക്കാരിനു വേണ്ടി ഹാജരായി.