കമുകുംചേരി ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം
പത്തനാപുരം: കമുകുംചേരി ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വനംവകുപ്പ് പരിശോധന നടത്തി. കമുകുംചേരി ചിറ്റാശ്ശേരി പാലക്കുഴിയിലാണ് ശനിയാഴ്ച രാവിലെ 7.45ഓടെ പുലിയെ കണ്ടത്.പാലക്കുഴി പുലിച്ചാണിപ്പാറ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ രാജ്മോഹനനാണ് പുലിയെ കണ്ടതായി അറിയിച്ചത്. തോട്ടത്തിന്‍റെ ഉയരമുള്ള ഭാഗത്തേക്ക് കയറി പോകുകയായിരുന്ന പുലി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും രാജ് മോഹന്‍ പറയുന്നു. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ഗിരി, തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി എന്നിവരുടെ നേതൃത്വത്തില്‍ മേഖലയില്‍ പരിശോധന നടത്തി.എന്നാല്‍, പുലിയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മേഖലയില്‍ നിരിക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും ജനവാസമേഖലയാണ് പാലക്കുഴി. തോട്ടത്തിലേക്ക് പുലിയെത്താനുള്ള സാധ്യത കുറവാണെന്നും വലിയ കാട്ടുപൂച്ചയെയോ മറ്റോ ആകാം കണ്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.