കാലാവസ്ഥാ വ്യതിയാനം മൂലം റബറിന്റെ ഉത്പാദനം കുറഞ്ഞത് കര്‍ഷകന് ഇരുട്ടടിയായി
കോട്ടയം . കാലാവസ്ഥാ വ്യതിയാനം മൂലം റബറിന്റെ ഉത്പാദനം കുറഞ്ഞത് കര്‍ഷകന് ഇരുട്ടടിയായി. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ റബറിന് ഏറ്റവും ഉയര്‍ന്ന ഉത്പാദനം ലഭിക്കേണ്ട സമയമാണ്.എന്നാല്‍ ഇടയ്ക്ക് പെയ്ത ശക്തമായ മഴയില്‍ റബറിന്റെ ഇലകള്‍ പൊഴിഞ്ഞു. ആഹാരം പാകം ചെയ്യേണ്ട ഇലകള്‍ പൊഴിഞ്ഞതോടെ പ്രകാശസംശ്ലേഷണം നടക്കാതെ വന്നതോടെ റബര്‍പ്പാലിന്റെ ഉത്പാദനം കുറഞ്ഞു. സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് റബര്‍ മരങ്ങള്‍ (ജനുവരി മാസം) ഇലപൊഴിച്ചുകൊണ്ടിരുന്നത്.
റബറിന്റെ വില കിലോയ്ക്ക് 130 രൂപയായി താഴ്ന്നു. 15 വര്‍ഷം മുന്‍പ് 250 രൂപ വരെ റബറിന് ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 190 വരെ വില ഉയര്‍ന്നിരുന്നു. മുന്‍പ് ലാറ്റക്‌സിന് കിലോയ്ക്ക് 180 രൂപ വരെ കിട്ടിയിരുന്നത് 90 ലേക്ക് കൂപ്പുകുത്തി. റബര്‍ ഷീറ്റ് അമിതമായി ഇറക്കുമതി ചെയ്തത് മൂലം കമ്ബോളത്തില്‍നിന്ന് ടയര്‍ വ്യവസായികള്‍ ഭാഗികമായി വിട്ടുനില്‍ക്കുന്നതാണ് ആഭ്യന്തര വിപണിയില്‍ റബര്‍ വിലയിടിവിന് കാരണം.ടാപ്പിംഗിന് ആളെ കിട്ടാനില്ല.
കാലാവധി കഴിഞ്ഞ് വെട്ടുന്ന റബര്‍മരങ്ങളില്‍ 50 ശതമാനം കൃഷിക്കാരനും 50 ശതമാനം ടാപ്പിംഗ് നടത്തുന്ന തൊഴിലാളികള്‍ക്കും എന്ന കാരാര്‍ വ്യവസ്ഥയിലായിരുന്നു ചില മേഖലകളില്‍ റബര്‍ ടാപ്പിംഗ് നടത്തിയിരുന്നത്. 50 ശതമാനം തൊഴിലാളികള്‍ക്ക് കൊടുത്താലും മതിയായ കൂലി ലഭിക്കാത്തത് മൂലം ടാപ്പിംഗ് തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കുകയാണ്. ഇതോടെ ടാപ്പിംഗ് പൂര്‍ണമായി നിറുത്തേണ്ടിവന്ന നിരവധി തോട്ടങ്ങളാണുള്ളത്.
റബര്‍ ആന്‍ഡ് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ പറയുന്നു.
റബര്‍ കൃഷിക്കാരെ രക്ഷിക്കാന്‍ അടിയന്തിര നടപടിയെടുക്കണം. റബറിന്റെ അടിസ്ഥാന വില 200 ലേക്ക് ഉയരാത്തത് മൂലം റബര്‍കൃഷി നടത്തി ലാഭമുണ്ടാക്കുക എന്നത് കൃഷിക്കാരെ സംബന്ധിച്ച് സാദ്ധ്യമല്ല. മാറിവരുന്ന കാലാവസ്ഥക്ക് അനുസരിച്ച് നടീല്‍വസ്തുക്കള്‍ വികസിപ്പിച്ചെടുക്കണം.