വർഷങ്ങളുടെ കാത്തിരിപ്പ്; സ്വപ്നങ്ങളെ കയ്യെത്തിപ്പിടിച്ച് ഡോക്ടറാവാൻ ആബിദ
കോഴിക്കോട് : കഠിന പരിശ്രമത്തിലൂടെ ഏത് സ്വപ്നവും നേടാൻ സാധിക്കുമെന്നത് കോഴിക്കോട് സ്വദേശിനി ആബിദയുടെ കാര്യത്തിൽ വളരെ ശരിയാണ്. 19ആം വയസ്സിൽ വിവാഹിതയായ, 3 കുട്ടികളുടെ അമ്മയായ ആബിദ തന്റെ ലക്ഷ്യത്തിലെത്തുന്നതിനായി 25ആം വയസ്സിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ബി.ഡി.എസിന് പ്രവേശനം നേടിയിരിക്കുകയാണ്.
കോഴിക്കോട് ചക്കുംകാവിൽ നിന്നുള്ള ആബിദ ജി.വി.എച്ച്.എസ്.എസിൽ നിന്ന് പത്താം ക്ലാസ്സ് പരീക്ഷയിൽ ടോപ്പറായാണ് പാസ്സായത്. രാമകൃഷ്ണാ മിഷൻ സ്കൂളിൽ പ്ലസ് ടു പഠിക്കുന്നതിനിടെ എൻട്രൻസ് എഴുതിയതോടെയാണ്, ഭാവിയിൽ മെഡിക്കൽ മേഖലയിലേക്ക് തന്നെ പോകണം എന്നുറച്ചത്. എം.ബി.ബി.എസ് സീറ്റ് നേടണമെന്ന ആഗ്രഹത്തോടെ കേരള എൻട്രൻസ് എഴുതി. 2016 ലായിരുന്നു വിവാഹം. മക്കളുടെ ജനനത്തോടെ പഠനം ഉപേക്ഷിച്ചെങ്കിലും, ഡോക്ടറാകണമെന്ന ആഗ്രഹം മനസ്സിൽ തന്നെ ഉണ്ടായിരുന്നു.
നീണ്ട ഇടവേളക്ക് ശേഷം, ചോദ്യപേപ്പറുകൾക്ക് ഉത്തരം നൽകാൻ സാധിക്കാതായതിൽ നിരാശ തോന്നിയ ആബിദ വീണ്ടും കോച്ചിംഗിന് പോകാൻ തന്നെ തീരുമാനിച്ചു. കുട്ടികൾ ഉറങ്ങുമ്പോൾ വീട്ടുജോലികൾ ചെയ്തും, രണ്ട് മണി വരെ പഠിച്ചും ആബിദ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്ത് വച്ചു. ഒടുവിൽ 2022 എൻട്രൻസ് പരീക്ഷയിൽ 3860 ആം റാങ്ക്. സർക്കാർ സീറ്റിൽ തന്നെ അഡ്മിഷൻ ലഭിക്കും. താൻ പഠിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകിയും അവരെ ഉറക്കിയും കൂടെ നിന്ന ഭർത്താവ് റാഫിക്കും ആബിദ നന്ദി പറയുന്നു.