ഭൗമസൂചിക പട്ടികയില്‍ ഇടംപിടിച്ചതോടെ ഔഷധമേന്മയുള്ള ‘ഓണാട്ടുകര എള്ളിന്’ ഇനി പ്രിയമേറും

കായംകുളം: ഭൗമസൂചിക പട്ടികയില്‍ ഇടംപിടിച്ചതോടെ ഔഷധമേന്മയുള്ള ‘ഓണാട്ടുകര എള്ളിന്’ ഇനി പ്രിയമേറും.ആലപ്പുഴ കയറിനും ആലപ്പുഴ പച്ച ഏലത്തിനും പിന്നാലെയാണ് ജില്ലയില്‍നിന്ന് ഒരിനം കൂടി സൂചിക പട്ടികയില്‍ ഇടംപിടിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം താളം തെറ്റിയ കൃഷി തിരികെ പിടിക്കാനുള്ള ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് പുതിയ പദവി. ഭൂമിശാസ്ത്രപരമായ പ്രത്യേകത അംഗീകരിച്ചാണ് പദവി ലഭിച്ചിരിക്കുന്നത്. ഓണാട്ടുകര കാര്‍ഷിക വികസന ഏജന്‍സിയുടെ പേരിലാണ് ഇതിനായി അപേക്ഷിച്ചത്.ഓണാട്ടുകരയുടെ പശിമയാര്‍ന്ന പാടശേഖരങ്ങളില്‍ മൂന്നാം വിളയായിട്ടാണ് എള്ള് കൃഷി ചെയ്തിരുന്നത്. സമീപകാലത്ത് കാലാവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങള്‍ കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രവും വികസന ഏജന്‍സിയും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് നടപ്പാക്കിയ പദ്ധതികളിലൂടെ കൃഷി വീണ്ടും തിരികെ വന്നപ്പോഴാണ് അംഗീകാരമെന്നതും ശ്രദ്ധേയമാണ്.ഡിസംബറിലാണ് എള്ള് വിതക്കുന്നത്. 90 ദിവസം കഴിഞ്ഞ് വിളവെടുക്കാം. രണ്ട്, മൂന്ന് വേനല്‍ മഴ ലഭിച്ചാല്‍ കൃഷി ഉഷാര്‍. എന്നാല്‍, മഴ ശക്തമായാല്‍ കൃഷിയാകെ നശിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാലാവസ്ഥ അനുകൂലമായിരുന്നു. ഓണാട്ടുകരയില്‍ 250 ഹെക്ടറോളം സ്ഥലത്ത് കൃഷി ഇറക്കിയിട്ടുണ്ട്. ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച ‘തിലക്’ എന്ന വിത്താണ് കൂടുതലായി വിതച്ചത്. കൂടാതെ പ്രാദേശിക മണ്ണിന്‍റെ ഘടനയനുസരിച്ച് വികസിപ്പിച്ചെടുത്ത വിത്തിനങ്ങളായ കായംകുളം ഒന്ന്, തിലതാര, തിലറാണി ഇനങ്ങളും വിളവിറക്കുന്നുണ്ട്. ഒരു കിലോ എള്ളിന് 250 മുതല്‍ 300 രൂപവരെ വിലയുണ്ട്. ഹെക്ടറിന് 10,000 രൂപവരെ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്ന തരത്തിലുള്ള പദ്ധതി പല പഞ്ചായത്തുകളിലും അംഗീകരിച്ചിട്ടുണ്ട്.ആയുര്‍വേദത്തില്‍ സ്നേഹ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എള്ളിന് ഔഷധഗുണങ്ങള്‍ ഏറെയാണ്. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കും. സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്ക് രുചി പകരുന്നതിലും ഓണാട്ടുകര എള്ള് കേമമാണെന്നാണ് വിലയിരുത്തല്‍. ഭൂപ്രദേശ സൂചിക പട്ടികയില്‍ ഇടം പിടിച്ചതോടെ കൃഷി വ്യാപകമാക്കുന്നതിനുള്ള ബഹുമുഖ പദ്ധതികള്‍ക്കും സാധ്യത തെളിയുകയാണ്. ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനും വികസന ഏജന്‍സിക്കും അഭിമാനിക്കാവുന്ന നേട്ടമായും ഇതുമാറുകയാണ്.