നീലക്കുറിഞ്ഞി പൂത്ത് ശ്രദ്ധേയമായ ഇടുക്കി കള്ളിപ്പാറ എൻജിനീയർമെട്ട് സംരക്ഷിത വനമേഖലയാക്കാൻ വനംവകുപ്പ്

പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലം എന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. പുതിയൊരു സംരക്ഷിത വനമേഖല കൂടി അംഗീകരിക്കാൻ ആവില്ല എന്നാണ് നാട്ടുകാരുടെ നിലപാട്.
പശ്ചിമഘട്ട മലനിരകളിൽ പെട്ട കള്ളിപ്പാറ എൻജിനീയർമെട്ടിന്റെ സംരക്ഷണത്തിനായാണ് പുതിയ നടപടി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് വനം വകുപ്പ് കത്ത് നൽകി. കള്ളിപ്പാറയില്‍ 6 ഇനം നീലക്കുറിഞ്ഞികളും അപൂര്‍വ സസ്യജാലങ്ങളും ഉണ്ടെന്ന് വനം വകുപ്പ് പറയുന്നു.
സിഎച്ച്ആര്‍ മേഖലയായ ഇവിടം കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ സംരക്ഷിത വനം ആണെന്നാണ് വാദം. എന്നാൽ സർക്കാർ നേരത്തെ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് സി എച്ച് ആർ വനമല്ലെന്നാണ്.
കള്ളിപ്പാറയെ സംരക്ഷിത മേഖലയാക്കിയാൽ ജന ജീവിതത്തെ സാരമായി ബാധിക്കും എന്നാണ് ആശങ്ക. വനംവകുപ്പിന്റെ നടപടി ജനങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. .