ഫോട്ടോഗ്രാഫിയിലും ചെണ്ടമേളത്തിലും സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്

കട്ടപ്പന: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിന് ജില്ലയിൽ നിന്നും രണ്ട് കലാകാരന്മാർ കൂടി അർഹരായി. ഫോട്ടോഗ്രാഫിയിൽ കുമളി അട്ടപ്പള്ളം സ്വദേശി ശ്രീരാഗത്തിൽ സജീഷ് കൃഷ്ണൻ,ചെണ്ടമേളത്തിൽ
കട്ടപ്പന നത്തുകല്ല് കോലേട്ട് ഡോ.ബോബിൻ.കെ. രാജു എന്നിവരാണ്
ഫെല്ലോഷിപ്പിന് അർഹരായത്.2015 മുതൽ ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന സജീഷ് എറണാകുളം ഇമേജ് മൾട്ടിമീഡിയയിൽ നിന്നുമാണ് വിഷ്വൽ മീഡിയ വി.എഫ്.എക്സ് ആൻഡ് ആനിമേഷനിൽ ഡിപ്ലോമ കരസ്ഥമാക്കിയത്.
ജെഫ്രി-ശാന്തമ്മ ദമ്പതികളുടെ മകനാണ് സജീഷ് കൃഷ്ണൻ. 15 വർഷമായി ചെണ്ടമേള രംഗത്തുള്ള ബോബിന് ആയിരത്തിലധികം ശിഷ്യഗണങ്ങളുണ്ട്. കാരപ്പാട്ട് സുകുമാരൻ, ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, വാദ്യശ്രീ മാപ്രാണം ഷൈജു എന്നിവരുടെ ശിഷ്യനാണ് ഡോ.ബോബിൻ.കെ.രാജു.ആതിരയാണ് ഭാര്യ. റയാൻ ആദമാണ് മകൻ. നിലവിൽ ഇടുക്കി ജില്ലയിൽ നിന്നും ആറ് പേർക്കാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്.നാല് പേർക്ക് 8 മാസങ്ങൾക്ക് മുമ്പ് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു.പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഞായറാഴ്ച ദിവസം ദീപ്തി കോളേജിലും ശനിയാഴ്ച നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലും സംഗീതം, ചിത്രരചന, കഥകളി, ചെണ്ട, ഫോട്ടോഗ്രാഫി എന്നിവയിലും തൊടുപുഴ ബ്ലോക്കിന് കീഴിൽ പുറപ്പുഴയിൽ മുടിയേറ്റിനും സൗജന്യ പരിശീലനം നൽകി വരുന്നതായി സാംസ്കാരിക വകുപ്പ് ജില്ല കോർഡിനേറ്റർ എസ്.സൂര്യലാൽ അറിയിച്ചു.