20 അടി താഴ്ച്ചയിലേക്ക് വീണ് സ്റ്റണ്ട്മാൻ മരിച്ചു; അപകടം വിജയ് സേതുപതി-വെട്രിമാരൻ സിനിമാ സെറ്റിൽ
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം. വിജയ് സേതുപതിയെ പ്രധാന വേഷത്തിൽ എത്തുന്ന “വിടുതലൈ” ചിത്രത്തിന്റെ സെറ്റിൽ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. സ്റ്റണ്ട് കോഡിനേറ്റർ ആയ സുരേഷ് (54) ആണ് മരിച്ചത്.ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ട്രെയിൻ അപകടരംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി വലിയ സെറ്റ് ഒരുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്റ്റണ്ട് സീക്വൻസിനായി സുരേഷ് അടങ്ങുന്ന സംഘം കയർ കെട്ടി ചിത്രീകരിക്കുകയായിരുന്നു. ക്രെയിനിൽ കയർ കെട്ടി ജോലി ചെയ്യുകയായിരുന്ന സുരേഷ് കയറ് പൊട്ടി ഇരുപത് അടി താഴ്ച്ചയിലേക്ക് വീണു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്. സുരേഷിന്റെ മരണത്തിൽ സംവിധായകനും അണിയറ പ്രവർത്തകരും ഇതുവരെ ഔദ്യോഗകിമായി പ്രതികരിച്ചിട്ടില്ല.ബി ജയമോഹന്റെ തുണവിയൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരൻ വിടുതലൈ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് സിനിമ ഒരുക്കുന്നത്. ഗൗതം മേനോൻ, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ രാജീവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നതായി വാർത്തകൾ വന്നിരുന്നു.