അടിപിടിക്കേസില്‍ പിടിച്ചെടുത്ത വാള്‍ രേഖകളില്‍പ്പെടുത്താതെ പ്രതിക്കു ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് കരീലക്കുളങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സുധിലാലിനെ സസ്പെന്‍ഡ് ചെയ്തു
ആലപ്പുഴ: അടിപിടിക്കേസില്‍ പിടിച്ചെടുത്ത വാള്‍ രേഖകളില്‍പ്പെടുത്താതെ പ്രതിക്കു ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് കരീലക്കുളങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സുധിലാലിനെ സസ്പെന്‍ഡ് ചെയ്തു
വാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുന്നതായി ആരോപിച്ച് പ്രതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഹരിപ്പാട് കുമാരപുരം സ്വദേശിയാണു പ്രതി. വിജിലന്‍സ് സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറിയില്‍നിന്നു വാള്‍ പിടിച്ചെടുത്തത്. ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വിജിലന്‍സിന്റെ ശുപാര്‍ശപ്രകാരമാണു സുധിലാലിനെ സസ്പെന്‍ഡ് ചെയ്തത്. രണ്ടുമാസംമുമ്ബ് നങ്ങ്യാര്‍കുളങ്ങരയ്ക്കു സമീപം തമിഴ്‌നാട് സ്വദേശികളായ സഞ്ചാരികളുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കുമാരപുരം സ്വദേശിയില്‍നിന്നു കരീലക്കുളങ്ങര പൊലീസ് വാള്‍ പിടിച്ചെടുത്തത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതു പോലുള്ള വലിയവാളായിരുന്നു ഇത്. ഇതു കേസില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതിക്ക് ജാമ്യംകിട്ടാന്‍ സാധ്യത കുറവാണ്. അതിനാല്‍, വാള്‍ ഉള്‍പ്പെടുത്താതെ പ്രതിക്കു സ്റ്റേഷന്‍ജാമ്യം നല്‍കി വിടുകയായിരുന്നു.
ഇതേ പ്രതിക്കെതിരേ മറ്റൊരു സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്തെങ്കിലും പിന്നീട്, വകുപ്പുകളില്‍ ഇളവുവരുത്തി ജാമ്യത്തില്‍വിട്ടു. രണ്ടുകേസിലും എസ്.എച്ച്.ഒ പണം വാങ്ങിയെന്നും പിന്നീട്, പൊലീസിന്റെ കൈയിലുള്ള വാളിന്റെ പേരില്‍ നിരന്തരം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണെന്നുമാണു പ്രതി വിജിലന്‍സിനെ അറിയിച്ചത്. പണത്തിനുവേണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്ന കുറ്റമാണു വിജിലന്‍സ് സുധിലാലിനെതിരേ ചുമത്തിയിരിക്കുന്നത്.
അന്വേഷണമികവിന് പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ നേടിയ ഉദ്യോഗസ്ഥനാണ് ഇയാള്‍. ഒക്ടോബര്‍ അഞ്ചിനാണ് ഈ ബഹുമതി ലഭിച്ചത്. സുനില്‍ കുമാര്‍, പ്രശാന്ത്, സത്യപ്രഭ, ബിജിമോന്‍, സാബു, റജി എന്നീ പോലീസ് ഉദ്യോഗസ്ഥരും ജില്ലാ വ്യവസായകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡിസ്ട്രിക്‌ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഷെഫിനും കരീലക്കുളങ്ങര സ്റ്റേഷനില്‍ പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.