കൊളോണിയല്‍ കാലത്തെ പൊലീസ് നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പൊലീസ് നിയമം’; സുപ്രീംകോടതി
ന്യൂഡൽഹി: കൊളോണിയല്‍ കാലത്തെ പൊലീസ് നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പൊലീസ് നിയമമെന്ന് സുപ്രീം കോടതി. കേരള പൊലീസ് നിയമം, മദ്രാസ് പോലീസ് നിയമം തുടങ്ങിയ സംസ്ഥാന പോലീസ് നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവർക്കെതിരെ ചുമത്തുന്നതല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ധര്‍ണ നടത്തിയതിന് കേരള പോലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്നും സുപ്രീംകോടതി വിധിച്ചു. 2005-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. നാമനിര്‍ദേശ പത്രികയുടെ ഫോം 2 എ- യില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചത് രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി രവി നമ്പൂതിരിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കായിരുന്നു. 2006-ല്‍ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി ധര്‍ണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.