മലയാള ദിനാഘോഷവും ഭരണഭാഷാ വാരവുംമന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ മല്‍സരങ്ങള്‍ സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (01) ഉച്ചയ്ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.
വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നല്ല മലയാളം കോഴ്സ് ഡയറക്ടറും അധ്യാപകനും പുരോഗമന കലാസാഹിത്യ സംഘം ജില്ല ജോയിന്റ് സെക്രട്ടറിയുമായ അജയ് വേണു പെരിങ്ങാശ്ശേരി ഭാഷാപോഷണ പ്രഭാഷണം നടത്തും. പ്ലസ് ടു തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിക്കും.
ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ചു നവംബര്‍ രണ്ടിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ വിഷയത്തില്‍ രചന മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മലയാളം ഉപന്യാസ രചന, കഥ രചന, കവിത രചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ രണ്ടിന് രാവിലെ 11.45 ന് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ ഹാളില്‍ ഹാജരാകണം. വിദഗ്ദ്ധ സമിതിയാണ് വിജയികളെ നിശ്ചയിക്കുന്നത്. മികച്ച രചനകള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാമൂഹിക മാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 04862 233036.