കേരള ബ്ലാസ്റ്റേഴ്സ് ബസിൽ ലോഗോയും ചിത്രങ്ങളും; വിശദീകരണം തേടി എംവിഡി
കൊച്ചി: അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. എറണാകുളം ആർടിഒയ്ക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. ശനിയാഴ്ച പരിശീലനത്തിനിടെ പനമ്പിള്ളി നഗറിലാണ് ഉദ്യോഗസ്ഥർ ടീം സഞ്ചരിക്കുന്ന ബസ് പരിശോധിച്ചത്.
മഞ്ഞ ബസിൽ ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും പരസ്യ ടെക്സ്റ്റുകളും ഉണ്ടായിരുന്നു. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ബസ് പരിശോധിച്ചതെന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ആദ്യ മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട നാളെ രണ്ടാം മത്സരത്തിലേക്ക് കടക്കും. കൊൽക്കത്തയുടെ എ.ടി.കെ മോഹൻ ബഗാനെയാണ് അവർ നേരിടുക. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ് മത്സരത്തിന്‍റെ കിക്കോഫ്. ബ്ലാസ്റ്റേഴ്സ്-എടികെ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ഐഎസ്എല്ലിന്‍റെ ചരിത്രത്തിൽ രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കിരീട സ്വപ്നങ്ങൾ തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ.