സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം പൂർത്തിയായി; ഏറ്റവുമധികം പ്രവേശനം മലപ്പുറത്ത്


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം പൂർത്തിയായി. ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. 3,85,909 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടിയത്. ആകെ 29,114 വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നേടി.
ആകെ 4,23,303 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വണ്ണിൽ പ്രവേശനം നേടാൻ കഴിഞ്ഞു. ഹയർ സെക്കൻഡറിയിൽ 43,772 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,916 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പരാതികളില്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഓരോ ജില്ലയിലും പ്രവേശനം ലഭിച്ചവരുടെ എണ്ണം:
തിരുവനന്തപുരം – 33,363, കൊല്ലം – 27,359, പത്തനംതിട്ട – 11,371, ആലപ്പുഴ – 20,896, കോട്ടയം – 20,721, ഇടുക്കി – 10,423, എറണാകുളം – 32,996, തൃശൂർ – 34,065, പാലക്കാട് – 32,918, കോഴിക്കോട് – 39,697, വയനാട് – 10,610, കണ്ണൂർ – 32,679, കാസർകോട് – 16,082.