സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചാരണം സംഘടിപ്പിച്ചു
നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചാരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നെടുങ്കണ്ടം എസ്.സി പ്രീമെട്രിക് ഹോസ്റ്റല്‍ ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ 16 വരെയാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷമായി ആചരിക്കുന്നത്. സമൂഹത്തില്‍ പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ‘എല്ലാവരും ഉന്നതിയിലേക്ക്’എന്ന മുദ്രാവാക്യവുമായാണ് ഈ വര്‍ഷത്തെ പക്ഷാചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംരംഭകത്വ സെമിനാറില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ വിശാഖ് പി.എസ് വിഷയാവതരണം നടത്തി. സ്വയംതൊഴില്‍ സംരംഭകത്വ സാധ്യതകളും പട്ടികജാതി വിഭാഗത്തിന് പ്രത്യേകമായി അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ക്ലാസ്, വ്യക്തിത്വ വികസന പരിശീലനം, സേവ് ക്ലബ് ഭാരവാഹി സംഗമം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു.
ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോണി, ബ്ലോക്ക് അംഗങ്ങളായ മുകേഷ് മോഹന്‍, ശ്രീദേവി എസ്്. ലാല്‍, നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അല്‍ഹാഷ് എ, ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗം ത്യാഗരാജന്‍ ഇ. കെ., ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ദിലീപ് എം.കെ, കട്ടപ്പന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റോയ് ഒ.ജി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചിത്രം :
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചാരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു