ഹരിത ടൂറിസത്തിന് വലിയ സാധ്യതകള്‍ തുറന്നുനല്‍കുന്ന ഗ്രാമീണ ടൂറിസം പദ്ധതി വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു


അടിമാലി: ഹരിത ടൂറിസത്തിന് വലിയ സാധ്യതകള്‍ തുറന്നുനല്‍കുന്ന ഗ്രാമീണ ടൂറിസം പദ്ധതി വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, മാങ്കുളം, പള്ളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചെറിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി പദ്ധതികള്‍ തയാറാക്കിയാല്‍ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടംതന്നെ നടത്താന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിമാലി പഞ്ചായത്തിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളും കുതിരക്കുകത്തി എക്കോ പോയന്‍റും ഇളംബ്ലാശ്ശേരി, കമ്ബിലൈന്‍, പടിക്കപ്പ് തുടങ്ങി പ്രകൃതിരമണീയ പ്രദേശങ്ങളും ഉള്‍പ്പെടുത്താം.
സാഹസിക ടൂറിസത്തിന് ഉതകുന്ന ആവറുകുട്ടി, കുറത്തി ഭാഗവും കാട്ടാനകളുടെ നിത്യസാന്നിധ്യമുള്ള മാങ്കുളം പഞ്ചായത്തിലെ ആനകുളവും പെരുമന്‍കുത്ത്, വെള്ളത്തൂവലിലെ വൈദ്യുതി നിലയങ്ങളും ചെങ്കുളം, കല്ലാര്‍കുട്ടി അണക്കെട്ടുകളും ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകളിലെ ടൂറിസം പോയന്‍റുകളും തുറന്നിടുന്ന സാധ്യതകള്‍ അനന്തമാണ്.
എന്നാല്‍, ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ട നിലയിലാണ്. സഞ്ചാരികള്‍ ധാരളമായെത്തുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ കടുത്ത അവഗണനയാണ് നേരിടുന്നത്.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും ഇവിടെ സൗകര്യമില്ലാത്ത അവസ്ഥയാണ്. പ്രകൃതിരമണീയമായ കാഴ്ചകള്‍ നിറയെയുള്ള ചെങ്കുളം ഡാമിനോടു ചേര്‍ന്ന് ബോട്ടിങ്ങും മറ്റു ജലവിനോദങ്ങളും ഒരുക്കാന്‍ കഴിഞ്ഞാല്‍ ഈ രംഗത്ത് വന്‍ മുന്നേറ്റം കൈവരിക്കാനാകും.