തനിച്ച് താമസിച്ചിരുന്ന വൃദ്ധ സ്വന്തം സുരക്ഷയ്ക്കായി വീട്ടുവാതിലില്‍ ഒരുക്കിയ വൈദ്യുതി കണക്ഷനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു


തഞ്ചാവൂര്‍: തനിച്ച് താമസിച്ചിരുന്ന വൃദ്ധ സ്വന്തം സുരക്ഷയ്ക്കായി വീട്ടുവാതിലില്‍ ഒരുക്കിയ വൈദ്യുതി കണക്ഷനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ വാതില്‍ തുറക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. തമിഴ്നാട് മയിലാടുംതുറയിലാണ് ദാരുണമായ സംഭവം. സീര്‍കാഴി മുനിസിപ്പാലിറ്റിയില്‍ നിന്ന് ശുചീകരണത്തൊഴിലാളിയായി വിരമിച്ച അന്‍പഴകിയാണ് വൈദ്യുതാഘാതമേറ്റു മരിച്ചത്. 68 വയസായിരുന്നു. ഭര്‍ത്താവ് നേരത്തേ മരിച്ചു, കുട്ടികളില്ല.
ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് സുരക്ഷയ്ക്കായി പ്ലഗില്‍ നിന്ന് വീടിന്‍റെ വാതിലിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയ ശേഷമായിരുന്നു അന്‍പഴകി പതിവായി ഉറങ്ങാന്‍ പോയിരുന്നത്. സ്വന്തമായാണ് ഇവര്‍ വയര്‍ ഉപയോഗിച്ച് ഇരുമ്ബ് വാതിലിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം പതിവുപോലെ ഇത്തരത്തില്‍ ഉറങ്ങാന്‍ കിടന്ന അന്‍പഴകി പുലര്‍ച്ചെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ മറന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.
രാവിലെ ഏറെ നേരമായിട്ടും അന്‍പഴകി വീടിന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ച അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീര്‍കാഴി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.