പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കലുങ്ക് നിര്‍മാണത്തിനിടെ ജല വിതരണ പൈപ്പ് പൊട്ടി
ഇളംദേശം: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കലുങ്ക് നിര്‍മാണത്തിനിടെ ജല വിതരണ പൈപ്പ് പൊട്ടി.
ഇതേത്തുടര്‍ന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ മലയോര മേഖലയിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചു. ഇന്നലെ ഉച്ചയോടെ കറുകപ്പിള്ളി കവലക്ക് സമീപമാണ് സംഭവം. വെള്ളിയാമറ്റം കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. മലങ്കര ജലാശയത്തില്‍ നിന്നുള്ള വെള്ളമെത്തിച്ച് ശുദ്ധീകരിക്കുന്ന നെല്ലിക്കാമല ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുള്ള 10 ഇഞ്ച് വ്യാസം വരുന്ന പൈപ്പാണ് പൊട്ടിയത്.
ഇത് മൂലം ലത്തീന്‍ പള്ളിക്ക് സമീപം സ്‌ഥാപിച്ചിരിക്കുന്ന ബൂസ്‌റ്റര്‍ പമ്ബ് ഹൗസിലേക്ക് വെള്ളമെത്തിക്കാനാകില്ല. ഇവിടെ നിന്നാണ് നാല് മേഖലകളിലേക്കുള്ള കുടിവെള്ള വിതരണം നടത്തുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ ജലത്തെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. കലുങ്ക് നിര്‍മാണത്തിനിടെ 20 മീറ്ററോളം നീളത്തില്‍ പൈപ്പ് പൂര്‍ണമായും തകര്‍ന്നു പോയതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
പന്ത്രണ്ട് അടിയോളം ഉയരത്തില്‍ കരിങ്കല്‍ക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇനി പൈപ്പ് പുനഃസ്‌ഥാപിക്കാനാകൂ. സംഭവമറിഞ്ഞ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചു. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്‌ഥര്‍ അറിയിച്ചത്. പൈപ്പ് പൊട്ടിയതിനാല്‍ വെള്ളിയാമറ്റം, പന്നിമറ്റം, ഇളംദേശം, കറുകപ്പിള്ളി, പൂച്ചപ്ര, കൂവക്കണ്ടം, പൂമാല മേഖലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി തൊടുപുഴ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായാല്‍ എത്രയും വേഗം പൈപ്പ് പുനഃസ്‌ഥാപിക്കുമെന്നും എ.എക്‌സ്.ഇ. സൂചിപ്പിച്ചു.