വീണ്ടും വാഹനങ്ങളുടെ ബാറ്ററി മോഷണം വ്യാപകമാകുന്നു
കട്ടപ്പന : മലയോര മേഖലയില്‍ വീണ്ടും വാഹനങ്ങളുടെ ബാറ്ററി മോഷണം വ്യാപകമാകുന്നു.കാഞ്ചിയാര്‍ പഞ്ചായത്തിലെ ലബ്ബക്കട,കക്കാട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററി മോഷണം പോയത്.മുന്‍പ് രാത്രികാലങ്ങളിലാണ് മോഷണം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലും ബാറ്ററി കവരുന്ന സാഹചര്യമുണ്ട്.ലബ്ബക്കടയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ചത് ഉച്ചസമയത്താണ്.കക്കാട്ടുകട അഞ്ചുരുളി ഭാഗത്ത് താമസിക്കുന്നയാളുടെ ഓട്ടോ റിക്ഷയില്‍ നിന്നും രണ്ടു തവണയാണ് ബാറ്ററി മോഷണം പോയത്.ഒന്ന് പോയതിന് പിന്നാലെ ബാറ്ററി മാറിയപ്പോള്‍ അതും കള്ളന്‍മാര്‍ കൊണ്ടുപോകുകയായിരുന്നു.കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ നിരവധി സംഭവങ്ങളാണ് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യുന്നത്.സ്വരാജ്, ലബ്ബക്കട, കക്കാട്ടുകട, അഞ്ചുരുളി, നരിയംപാറ എന്നിവിടങ്ങളിലായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ബാറ്ററി മോഷണം പതിവായിരിക്കുകയാണ്.മുരിക്കാശേരി, ഇരട്ടയാര്‍ മേഖലയിലും അടുത്തിടെയായി സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓട്ടോ റിക്ഷകളാണ് സംഘം പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.എളുപ്പത്തില്‍ അഴിച്ചെടുക്കുവാന്‍ കഴിയുമെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.ഗ്രാമീണ മേഖലയില്‍ ബാറ്ററി മോഷണ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. വഴി നീളെ ധാരാളം സി സി ടി വി ക്യാമറകള്‍ ഉള്ളപ്പോഴും ബാറ്ററി മോഷണം പോയതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള പരാതികളില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുവാന്‍ ശ്രമിക്കാത്തതിനാല്‍ മോഷ്ടാക്കള്‍ക്കും സൗകര്യമാണ്.
ആക്രികടയില്‍
വില്‍ക്കും
മോഷ്ടിച്ചെടുക്കുന്ന ബാറ്ററികള്‍ ആക്രി വിലയ്ക്ക് മറിച്ച് വില്‍ക്കുകയാണ് കള്ളന്‍മാരുടെ പതിവ്. ഓട്ടോയുടെ പുതിയ ബാറ്ററികള്‍ക്ക് 3500 മുതല്‍ 5000 വരെയാണ് വില.മോഷ്ടിച്ച് വില്‍ക്കുന്ന ബാറ്ററികള്‍ക്ക് 1500 മുതല്‍ 2000 രൂപ വരെ ലഭിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കക്കാട്ടുകടയില്‍ നടന്ന മോഷണത്തില്‍ കടപ്പന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ രീതിയില്‍ ബാറ്ററി മോഷണം ഹൈറേഞ്ചില്‍ വ്യാപകമായിരുന്നു.പിന്നീട് സംഘത്തിലെ ഏതാനും ആളുകളെ കട്ടപ്പന പോലീസ് പിടികൂടിയിട്ടുമുണ്ട്.