പെണ്‍കുട്ടികളെ ധീരകളാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ധീര പദ്ധതിയുടെ കട്ടപ്പന നഗരസഭ നഗരസഭതല ഉദ്ഘാടനം നടന്നു
കട്ടപ്പന : പെണ്‍കുട്ടികളെ ധീരകളാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ധീര പദ്ധതിയുടെ കട്ടപ്പന നഗരസഭ നഗരസഭതല ഉദ്ഘാടനം നടന്നു.വൈസ് ചെയര്‍മാന്‍ ജോയ് ആനിതോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു.ആയോധന കലകള്‍ ആഭ്യസിപ്പിച്ച് കൗമാര പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി.അതിക്രമങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ കായികമായി പ്രാപ്തരാക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പ് വരുത്തി ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് ധീര പദ്ധതി ജില്ലയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ദുര്‍ബല വിഭാഗത്തിലെ കുട്ടികള്‍ കൂടുതലായുള്ള വണ്ടിപ്പെരിയാര്‍,കൊന്നത്തടി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമാണ് പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്.10 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ആയോധന കല പരിശീലിപ്പിച്ച് അതിക്രമങ്ങളെ നേരിടാന്‍ സ്വയം പ്രാപ്തരാക്കുന്നത്.ഒരു പഞ്ചായത്തില്‍ 30 പെണ്‍കുട്ടികളെ വീതം തിരഞ്ഞെടുക്കും,അംഗനവാടികളില്‍ രൂപീകരിച്ച വര്‍ണ്ണക്കൂട്ട് ക്ലബ് വഴിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.തുടര്‍ന്ന് ഇവര്‍ക്ക് ജില്ലാ തലത്തിലോ അല്ലെങ്കില്‍ പ്രാദേശിക തലത്തിലോ ആയോധന കലകള്‍ അഭ്യസിപ്പിക്കുന്നവര്‍ വഴി പരിശീലനം നല്‍കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ വര്‍ണ്ണക്കൂട്ട് ക്ലബുകള്‍ വഴി പ്രാഥമികാന്വേഷണം നടത്തി തയ്യാറാക്കിയ പട്ടികയില്‍നിന്ന് ജില്ലാ വനിത ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്.ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ നാല് മണിക്കൂര്‍ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് നല്‍കും.ഉദ്ഘാടന ചടങ്ങില്‍ മുന്‍ നഗരസഭ അദ്ധ്യക്ഷ ബീനാ ജോബി,ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എം.ജി ഗീത,ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ്.ഗീതകുമാരി,ശിശു വികസന പദ്ധതി ഓഫീസര്‍ പി.കെ രമ, ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ ജാസ്മിന്‍ ജോര്‍ജ് ,നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.