കേരളത്തിൽ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ മുതലായവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി വിഭജിച്ചാണ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ പ്രധാന സ്ഥലങ്ങളാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പാക്കാൻ തിരഞ്ഞെടുത്തത്. കാസർകോട് ജില്ലയിലെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിൽ അന്തിമ ഓഡിറ്റ് നടത്തി. തളങ്കര ഹാർബർ മലബാർ വാട്ടർ സ്പോർട്സ് സ്ട്രീറ്റ് ഫുഡ് എന്ന സ്ഥലത്താണ് ഇത് നടപ്പാക്കിയത്. ഇത് സർട്ടിഫിക്കേഷനായി കാത്തിരിക്കുന്നു. ഇതിലൂടെ വഴിയോരത്തെ ഭക്ഷണം സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തട്ടുകടകളും ചെറിയ ഭക്ഷണശാലകളും ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബിന്റെ പരിധിയിൽ വരുന്നു. ക്ലസ്റ്ററിനെ 20 മുതൽ 50 വരെ ചെറിയ കടകളുള്ള പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. ഈ പ്രദേശങ്ങളിലെ കടകളിൽ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ കടകളുടെ ഉടമകൾക്കും പാചകക്കാർക്കും മതിയായ പരിശീലനവും സർട്ടിഫിക്കേഷനും നൽകും.