നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വയർ തുറക്കാതെ ഗർഭപാത്രം നീക്കം ചെയ്ത ശസ്ത്രക്രിയ വിജയകരമായി നടത്തി
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നോൺ ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി. 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ജില്ലയിൽ ആദ്യമായാണ് നടത്തിയതെന്നും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. വയർ തുറക്കാതെ തന്നെ ഗർഭപാത്രം നീക്കം ചെയ്യുന്നതാണ് നോൺ ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി ശസ്ത്രക്രിയ.
മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ വേദന കുറഞ്ഞതും കീ ഹോൾ ശസ്ത്രക്രിയയെക്കാൾ മികച്ചതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഗൈനക്കോളജിസ്റ്റ് ഡോ.അർജുൻ അജയഘോഷ് നേതൃത്വം നൽകി. ഇത്തരം ശസ്ത്രക്രിയയ്ക്ക് ഔറംഗബാദിൽ നിന്നും പ്രത്യേക പരിശീലനം നേടിയതാണ് ഡോ.അർജുൻ.
ഗൈനക്കോളജിസ്റ്റ് ഡോ. റിനു അനസ് റാവുത്തർ, അനസ്തറ്റിസ്റ്റ് ഡോ മീര എസ് ബാബു, നഴ്സിങ് ഓഫിസർമാരായ റിന്റ ജോസഫ്, രമ്യ രാമചന്ദ്രൻ, ഒടി ജീവനക്കാരായ എം.ജമാലുദീൻ, കെ.കെ.വിജയമ്മ, ജോയ്സ് ജോൺ എന്നിവർ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. രോഗി സുഖം പ്രാപിച്ച് വരുന്നതായും ബുധനാഴ്ച ഡിസ്ചാർജാകുമെന്നും സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ് അറിയിച്ചു.