കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ ബസുകൾ കഴുകിയിട്ട് 2 മാസം : ബസുകൾ വൃത്തിഹീനമെന്നു വ്യാപക പരാതി
നെടുങ്കണ്ടം : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ ബസുകൾ കഴുകിയിട്ട് 2 മാസം. ബസുകൾ വൃത്തിഹീനമെന്നു വ്യാപക പരാതി. ഗാരിജിലെ കുഴൽക്കിണർ മോട്ടർ തകരാറിലായതാണു പ്രശ്നത്തിനു കാരണം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് കിണറും മോട്ടറും. എന്നാൽ ഉപയോഗിക്കുന്നത് കെഎസ്ആർടിസിയാണ്.
നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്നു സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും ദീർഘദൂര സർവീസുകളുണ്ട്. ഒരു സർവീസ് കഴിഞ്ഞാൽ ഗാരിജിലെത്തി ബസുകൾ ശുചീകരിച്ച ശേഷമാണ് അടുത്ത സർവീസിന് ഉപയോഗിക്കുന്നത്. മോട്ടർ തകരാർ പരിഹരിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.
ആദ്യഘട്ടത്തിൽ 400 രൂപ നിരക്കിൽ ജീവനക്കാർ വെള്ളം പുറത്തു നിന്നു വാങ്ങി ബസുകൾ കഴുകിയിരുന്നു. വെള്ളം ബസിനുള്ളിലേക്കും പുറംഭാഗത്തും പമ്പ് ചെയ്യുന്ന മോട്ടർ തകരാറിലായതോടെ ഇതും മുടങ്ങി. ഇതോടെ ബസുകൾ കഴുകുന്നത് പൂർണമായി മുടങ്ങി. കഴുകാത്ത ബസുമായാണ് ഇപ്പോൾ സർവീസ് നടക്കുന്നത്.