ഏലയ്ക്കയിൽ രാസകീടനാശിനിയുടെ അംശം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നു കർഷക സംഘടനകൾ
രാജകുമാരി ∙ ചില വിദേശരാജ്യങ്ങളിലേക്കു കയറ്റി അയച്ച ഏലയ്ക്കയിൽ അനുവദനീയമായതിലും അധികം രാസകീടനാശിനിയുടെ അംശം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നു കർഷക സംഘടനകൾ. ഇടുക്കിയിൽ നിന്നുള്ള ഏലത്തിന്റെ വിലയിടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇൗ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. കയറ്റുമതി കുറഞ്ഞുവെന്ന കാരണം പറഞ്ഞ് പ്രാദേശിക വിപണികളിൽ പോലും ഏലത്തിന്റെ വില കുറയ്ക്കുകയാണ്.
ചില വ്യാപാരികൾ കർഷകരിൽ നിന്ന് ഏലയ്ക്ക വാങ്ങാൻ പോലും തയാറാകുന്നില്ല. ഏലയ്ക്ക കയറ്റി അയക്കുന്നതിനു സ്പൈസസ് ബോർഡ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവയുടെ അനുമതിയും ലാബ് റിപ്പോർട്ടും ആവശ്യമാണ്. ഇതൊക്കെയുണ്ടായിട്ടും കയറ്റുമതി ചെയ്ത ഏലത്തിൽ വിഷാംശം ഉണ്ടെന്നു വിദേശരാജ്യത്തു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എങ്ങനെയാണെന്നു കർഷകർ ചോദിക്കുന്നു. തിരിച്ചയച്ച ഏലയ്ക്ക എന്തു ചെയ്തുവെന്നു സ്പൈസസ് ബോർഡും സംസ്ഥാന സർക്കാരും വ്യക്തമാക്കണമെന്നും ഇൗ രംഗത്തു പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.