എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകിട്ട് 3ന് ; നടപടികൾ പൂർത്തിയായി


തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷകളുടെ ഫലം ജൂൺ 15ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ മന്ത്രി വി ശിവൻകുട്ടിയായിരിക്കും പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. പ്ലസ് ടു പരീക്ഷാഫലവും ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും.
മെയ് 27നാണ് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായത്. കേരളത്തിലെ 2,943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലുമായി 2,961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം എച്ച്.എസ് ആണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്കൂൾ.
മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 കുട്ടികളും തമിഴ് മീഡിയത്തിൽ 2151 കുട്ടികളും കന്നഡ മീഡിയത്തിൽ 1,457 വിദ്യാർത്ഥികളുമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,18,902 പേർ ആൺകുട്ടികളും 2,08,097 പേർ പെൺകുട്ടികളുമാണ്.