‘വിജിലന്‍സ് ഡയറക്ടറും എഡിജിപിയും ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ 56 തവണ വിളിച്ചു’
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വിജിലൻസ് ഡയറക്ടർ എം.ആർ അജിത് കുമാറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
തന്റെ ഫോണ്‍ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്‌കുമാറിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോള്‍ ആണ് എഡിജിപി അജിത്കുമാര്‍ ഷാജിനെ വാട്സാപ്പില്‍ വിളിച്ചത് എന്നാണ് സ്വപ്ന പറയുന്നത്.
അതേസമയം സ്വപ്നയെ ബന്ധപ്പെടാൻ ഒരു ശ്രമവും നടന്നിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. തനിക്ക് ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് സാഖറെ പറയുന്നു. സ്വപ്നയ്ക്ക് എന്ത് വേണമെങ്കിലും പറയാം. എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് സ്വപ്നയോട് ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിന്റെ ഫോണിൽ എ.ഡി.ജി.പി നിരന്തരം വിളിച്ചിരുന്നതായി സ്വപ്ന ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.