കോവിഡ് കുതിപ്പിന് പിന്നിൽ ഒമിക്രോൺ; രാജ്യത്ത് ഇപ്പോഴുള്ളത് മൃദുതരംഗം


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പെട്ടെന്നുള്ള വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാധ്യതയുണ്ടാവില്ലെന്നും വിദഗ്ധർ പറയുന്നു.
അടുത്തിടെ വർധിച്ചുവരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു വരികയാണ്. ആർക്കും കൂടുതൽ ചികിത്സ ആവശ്യമായി വരുന്നില്ല. രോഗികൾ സങ്കീർണ്ണമായ അവസ്ഥയിലേക്ക് പോകുന്ന സാഹചര്യമില്ലെന്ന് മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൽട്ടന്റായ മഞ്ജുഷ അഗർവാൾ പറഞ്ഞു.
വാക്സിനേഷൻ ആണ് രോഗത്തിന്റെ തീവ്രത കുറയാൻ കാരണമെന്നും അവർ പറഞ്ഞു. ജനുവരി തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറിയ തോതിലുള്ള തരംഗമാണ്. അല്ലെങ്കിൽ, ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മൃദുവായ തരംഗമാണിതെന്ന് അവർ പറഞ്ഞു.