ബഫർ സോൺ ഉത്തരവ്;ജനവാസ ഏറിയാകളെ ബാധിക്കാതിരിക്കാൻ എന്ത് ചെയ്യാം വനം മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ തുടർനടപടികൾ ആലോചിക്കാനായി ഇന്ന് വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം നടക്കും. രാവിലെ 11.30നാണ് യോഗം. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമേ നിയമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എജിയും അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും. ജനവാസ മേഖലകളെ ബാധിക്കാത്ത തരത്തിൽ ഉത്തരവ് മറികടക്കാനുള്ള മാർഗങ്ങൾ തേടാനായാണ് യോഗം. കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ലാത്തതിനാൽ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനം ഇപ്പോൾ ആലോചിക്കുന്നില്ല. കേന്ദ്രത്തെ വിവരങ്ങൾ ധരിപ്പിച്ചതിന് ശേഷം, കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ കക്ഷി ചേരുന്നതിനുള്ള സാധ്യതകളാണ് സംസ്ഥാനം ആലോചിക്കുന്നത്. അതേസമയം, സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പരിസ്ഥിതിലോലമേഖല സംബന്ധിച്ചുള്ള ഉത്തരവിനെക്കുറിച്ച് കേന്ദ്രസർക്കാരിന് മുന്നിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോർട്ട് പരിഗണനയിൽ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്. പൊതു താല്പര്യം കണക്കിലെടുത്ത് പരിധി കുറയ്ക്കാൻ സംസ്ഥാനം ആവശ്യപ്പെടും. വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി. അത് സംസ്ഥാനം ചെയ്യും. എംപവേർഡ് കമ്മിറ്റിയെയും സമീപിക്കും – റോഷി അഗസ്റ്റിൻ പറയുന്നു.