അധികൃതരുടെ അനാസ്ഥ; നിര്‍മാണം പാതിവഴിയില്‍ നിലച്ച കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്ക് നാശത്തിന്റെ വക്കില്‍
കാഞ്ഞാര്‍: സംസ്ഥാന പാതയോരത്തെ വാട്ടര്‍ തീം പാര്‍ക്ക് അവഗണനമൂലം കാടുകയറി നശിക്കുന്നു. പി.ജെ. ജോസഫ് ജലസേചന മന്ത്രി ആയിരിക്കെ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം നിര്‍മിച്ച പാര്‍ക്കാണ് അവഗണിക്കപ്പെടുന്നത്.അനുകൂല സാഹചര്യങ്ങള്‍ അനവധി ഉണ്ടായിട്ടും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതിന്‍റെ ഉദാഹരണം കൂടിയാണ് കാഞ്ഞാര്‍ ടൂറിസം പദ്ധതിയുടേത്.
ചെറു മുതല്‍മുടക്ക് മാത്രം നടത്തിയാല്‍ പ്രതിമാസം ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയാണിത്. എന്നാല്‍, അതിനുവേണ്ട ഇടപെടല്‍ നടത്താനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിനോ ഉദ്യോഗസ്ഥര്‍ക്കോ ഇല്ലാത്തതാണ് പ്രശ്നം. രണ്ടാംഘട്ട ഫണ്ട് ലഭിക്കാത്തതിനെത്തുടന്നാണ് കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് ആദ്യഘട്ടം നടപ്പാക്കി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ട പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പൂച്ചെടികളും ചെറുമരങ്ങളും െവച്ചുപിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തില്‍ ചെറു ഉദ്യാനമാണ് നിര്‍മിച്ചത്. മലങ്കര ജലാശയത്തിന്‍റെ തീരത്ത് നിര്‍മിച്ചിരിക്കുന്ന ഈ ഉദ്യാനത്തില്‍ നിരവധി വഴിയാത്രക്കാര്‍ എത്താറുണ്ട്. എന്നാല്‍, ഇരിപ്പിടങ്ങള്‍പോലും ഇല്ലാത്തതിനാല്‍ നിരാശരായി മടങ്ങുകയാണ്.ഇരിപ്പിടങ്ങള്‍, ചെറു ഷെഡുകള്‍, ജലാശയത്തിന് സംരക്ഷണഭിത്തി, ജലാശയത്തിലേക്ക് നടപ്പാതകള്‍ എന്നിവ നിര്‍മിക്കേണ്ടതുണ്ട്. ഓലിക്കല്‍ കടവുമുതല്‍ മണ്ണൂര്‍ സ്‌കൂള്‍ വരെയുള്ള അരക്കിലോമീറ്റര്‍ ദൂരമാണ് തീം പാര്‍ക്ക്. ഒന്നാംഘട്ടത്തില്‍ ചുറ്റുവേലി കെട്ടി പാര്‍ക്കില്‍ പൂച്ചെടികള്‍ െവച്ചുപിടിപ്പിച്ച് മോടികൂട്ടി. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണം മാറിയതോടെ പാര്‍ക്കിനെ അവഗണിക്കുകയായിരുന്നു. ഇതോടെ പുഴയോര പാര്‍ക്ക് കാടുകയറിത്തുടങ്ങി. ഇവിടെ നട്ടിരുന്ന പൂച്ചെടികള്‍ പലതും നശിച്ചു.
സഞ്ചാരികളുടെ ഇടത്താവളം
മലങ്കര ജലാശയം ഏറ്റവും നന്നായി കാണാൻ കഴിയുന്ന പ്രദേശമാണിവിടം. അതുകൊണ്ടുതന്നെ ഇടുക്കി യാത്രക്കാര്‍ ഏറെയും ഇടത്താവളമായി വിശ്രമിക്കാൻ ഇറങ്ങാറുണ്ട്. അനവധി ആളുകള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടരഹിതമായി വെള്ളത്തിലിറങ്ങുന്നതിനും സംവിധാനം ഒരുക്കേണ്ടതുണ്ട്. പാര്‍ക്കിന്‍റെ പല ഭാഗങ്ങളിലും മലങ്കര ജലാശയത്തിലേക്ക് മണ്ണിടിഞ്ഞ് അപകടകരമായിരിക്കുകയാണ്.
ഇതോടെ പാര്‍ക്കിലെത്തുന്നതിന് ആളുകള്‍ മടിക്കുകയാണ്. അരക്കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പ്രദേശം ഇപ്പോള്‍ കാടുകയറിക്കിടക്കുകയാണ്. സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് നാമകരണം ചെയ്തിരിക്കുന്ന ബോര്‍ഡുകള്‍ പോലും കാടുകയറി മൂടിക്കിടക്കുകയാണ്.













































































