കൃഷിചെയ്യാത്ത ഭൂമിയുണ്ടോ? കണ്ടെത്തി കൃഷിയിറക്കും; മാപ്പിങ്ങിനും കൃഷിവ്യാപനത്തിനും കൃഷിവകുപ്പ്

തിരുവനന്തപുരം: കാർഷികവൃത്തി സമ്പന്നമാക്കി കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തമാക്കാൻ കൃഷിവകുപ്പ്. മാപ്പിങ്ങിലൂടെ കണ്ടെത്തുന്ന തരിശുഭൂമിയിൽ കൃഷിയിറക്കും. കൃഷി ചെയ്യാത്ത സർക്കാർ -സ്വകാര്യഭൂമി മുഴുവൻ മാപ്പ് ചെയ്യാനാണ് നിർദേശം. ഏഴുജില്ലകളിൽ ഭൂവിനിയോഗ ബോർഡിന്റെ സഹായത്തോടെ നെൽകൃഷിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി.
മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന പച്ചക്കറിയിലുൾപ്പെടെ നിഷ്കർഷിച്ചതിലും കൂടുതൽ അളവ് കീടനാശിയുടെ അംശം കണ്ടെത്തിയിരുന്നു. പരിശോധിച്ച 1,268 പച്ചക്കറിസാമ്പിളുകളിൽ 51 എണ്ണത്തിലാണ് കീടനാശിനിയുടെ സാന്നിധ്യം കൂടുതൽ. ഇതിനു പരിഹാരം തേടിയാണ് മാപ്പിങ്ങിനും കൃഷിവ്യാപനത്തിനും മന്ത്രി ടി. സിദ്ദീഖ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ നെൽപ്പാടത്തിന്റെ കണക്കാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്.
കരഭൂമിയുടെ മാപ്പിങ്ങിന് ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. കൃഷിയിടങ്ങളുടെമാത്രം ഡിജിറ്റൽ സർവേയാണ് നടത്തുക. തദ്ദേശം, റവന്യൂ എന്നീ വകുപ്പുകളുടെ സഹകരണവും തേടും.
ഗ്രാമീണമേഖലയിലും തരിശുഭൂമി കൂടുന്നു കാർഷികോത്‌പന്നങ്ങളുടെ വിലയിടിവും വന്യജീവിശല്യവും കൃഷി ഉപേക്ഷിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. ഗ്രാമീണമേഖലയിൽ പലയിടങ്ങളിലും നെൽപ്പാടങ്ങളും കരഭൂമിയും ഇതുകാരണം തരിശായി. ഈ ഭൂമിയും തരിശുഭൂമിയുടെ പട്ടികയിലാകും. ഇതോടെ പ്രതീക്ഷിക്കുന്നതിനേക്കാൾ ഏറെയാകും സംസ്ഥാനത്തെ തരിശുഭൂമി. വന്യജീവിശല്യം അതിജീവിക്കാൻ വനംവകുപ്പിന്റെ സഹായവും തേടും.


























































































































