കോഴിയുടെ ഈ ഭാഗങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക; ശരീരത്തിന് ദോഷമുണ്ടാക്കും

കോഴി പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. എന്നാല്‍ അതിന്റെ ചില ഭാഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? പലരും കോഴിയുടെ തൊലിയോ ചില ഭാഗങ്ങളോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇവ ക്രമേണ നിങ്ങളുടെ ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. നന്നായി പാചകം ചെയ്യാത്ത കോഴി ഇറച്ചി ദഹനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും. ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഒഴിവാക്കേണ്ട ഭാഗങ്ങള്‍ എന്തൊക്കെയാണെന്നല്ലേ?
കോഴിയുടെ തൊലി
സാധാരണയായി കഴിക്കുന്നതിനുമുമ്പ് കോഴിയുടെ തൊലി നീക്കം ചെയ്യാറുണ്ടെങ്കിലും പല സ്ഥലങ്ങളിലും പ്രത്യേകിച്ച് റെസ്റ്റോറന്റുകള്‍, ഫാസ്റ്റ് ഫുഡ് ലഭിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും വറുത്ത ചിക്കന്‍ വിഭവങ്ങള്‍ എന്നിവയിലൊക്കെ തൊലിയോടെയാണ് ചിക്കന്‍ വിളമ്പുന്നത്. കോഴിയുടെ തൊലിയില്‍ കൊഴുപ്പ് കൂടുതലാണ്. അതിനാല്‍ പതിവായി ഇത് കഴിക്കുന്നത് ഭാരം വര്‍ധിക്കല്‍, കൊളസ്‌ട്രോള്‍, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ബാക്ടീരിയ വളര്‍ച്ചയ്ക്ക് ഏറ്റവും സാധ്യതയുളളത് കോഴിയുടെ ചര്‍മ്മത്തിലാണ്. അതിനാല്‍ കോഴിയുടെ തൊലി അമിതമായി കഴിക്കുന്നത് ദോഷകരമാണ്.
കഴുത്തും കാലുകളും
കോഴിയുടെ കഴുത്തും കാലുകളും അപകടകരമാണ്. ഈ ഭാഗങ്ങള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ അവയില്‍ അഴുക്കും അണുക്കളും ഉണ്ടാകുമെന്ന് ഹെല്‍ത്ത് ലൈന്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിയുടെ തലയിലും മറ്റ് ശരീര ഭാഗങ്ങളിലും കീടനാശിനികളുടെയും മറ്റും അംശം അടങ്ങിയിരിക്കാമെന്നും ഇത് ദീര്‍ഘകാല ദോഷം വരുത്തുമെന്നും ചില വിദഗ്ധര്‍ വിശ്വസിക്കുന്നു.
കോഴിയുടെ തല
കോഴിയുടെ തല കഴിക്കുന്നത് മലിനീകരണത്തിനും വിഷവസ്തുക്കളുടെ ശേഖരണത്തിനും കാരണമാകുന്നു. അതിനാല്‍ പലയിടങ്ങളിലും കോഴിയുടെ തല കഴിക്കാതെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
ആന്തരികാവയവങ്ങള്‍
കോഴിയുടെ ശ്വാസകോശം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ നന്നായി വൃത്തിയാക്കിയെടുക്കാന്‍ പ്രയാസമാണ്. ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്താലും നശിക്കാത്ത അപകടകരമായ ബാക്ടീരിയകളും അണുക്കളും അവയില്‍ ഉണ്ടാകും.



























































































































