കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി: സബ്സിഡിയോടെയുള്ള കാർഷിക യന്ത്രങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ ജൂലായ് 1 മുതൽ

തിരുവനന്തപുരം: കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ നടപ്പിലാക്കി വരുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (Sub-Mission on Agricultural Mechanization – SMAM) പ്രകാരമുള്ള 2026-27 സാമ്പത്തിക വർഷത്തെ ആനുകൂല്യങ്ങൾക്കായുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 1 മുതൽ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കൽ ജൂലായ് 1 രാവിലെ 11 മണിക്ക് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര പ്രവർത്തനങ്ങൾ, വിള സംസ്കരണ പ്രവർത്തനങ്ങൾ, മൂല്യവർധിത ഉൽപ്പാദന പ്രവർത്തനങ്ങൾ എന്നിവയ്ക്കാവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതിവ്യവസ്ഥകൾക്ക് വിധേയമായി 40 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും.
കർഷക കൂട്ടായ്മകൾ, സ്വയംസഹായ സംഘങ്ങൾ (SHG), കർഷക ഉൽപ്പാദക സംഘടനകൾ (FPO), വ്യക്തികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങളായ കസ്റ്റം ഹയറിംഗ് സെന്ററുകൾ (CHC) സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ സാമ്പത്തിക സഹായം അനുവദിക്കും. യന്ത്രവൽക്കരണ തോത് കുറവുള്ള മേഖലകളിൽ ഫാം മെഷിനറി ബാങ്കുകൾ (FMB) സ്ഥാപിക്കുന്നതിനായി കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപ വരെ പദ്ധതിച്ചെലവിന് പരമാവധി 80 ശതമാനം നിരക്കിൽ 24 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കും. കൂടാതെ വനാവകാശ നിയമം (FRA) പ്രകാരം പട്ടയം ലഭിച്ച ഗുണഭോക്താക്കൾക്ക് എല്ലാ വിഭാഗങ്ങളിലും 90 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതാണ്.
വ്യക്തിഗത ഗുണഭോക്താക്കൾക്കായുള്ള അപേക്ഷകളിൽ അനുവദിച്ചിട്ടുള്ള ലക്ഷ്യത്തേക്കാൾ കൂടുതൽ അർഹരായ അപേക്ഷകർ ഉണ്ടായാൽ, Agrimachinery Portal-ൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള Online Lottery Module മുഖേന സുതാര്യവും നീതിപൂർണ്ണവുമായ രീതിയിൽ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും. അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ അപേക്ഷകർക്കും ലോട്ടറി നടപടികളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ലോട്ടറിയുമായി ബന്ധപ്പെട്ട തീയതി, സമയം, ഫലം എന്നിവ പോർട്ടൽ വഴി പ്രസിദ്ധീകരിക്കും.
പദ്ധതി ചെലവ് 10 ലക്ഷം രൂപയിൽ കൂടുതലുള്ള Custom Hiring Centre (CHC), Farm Machinery Bank (FMB) പദ്ധതികൾ Credit Linked Back Ended Capital Subsidy മാതൃകയിലാണ് നടപ്പാക്കുന്നത്. അംഗീകൃത ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കി പദ്ധതി പൂർത്തിയാക്കുന്ന ഗുണഭോക്താക്കൾക്ക് SMAM മാർഗനിർദേശങ്ങൾ പ്രകാരമുള്ള സബ്സിഡി Back Ended Capital Subsidy ആയി അനുവദിക്കും.
അപേക്ഷകർക്ക് ജൂലൈ 1 മുതൽ രാവിലെ 11 മണി മുതൽ Agrimachinery Portal (https://agrimachinery.nic.in/) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ, സമീപത്തെ കൃഷിഭവനുമായോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 0471-2306748, 0477-2266084, 0495-2725354 എന്നീ ഫോൺ നമ്പറുകളിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.






































































































