ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ ബൈക്ക് വീണ സംഭവം; മത്സര ഓട്ടത്തിനിടെയെന്ന് മോട്ടോർ വാഹന വകുപ്പ്
കട്ടപ്പന : വെള്ളയാംകുടി എസ് എം എൽ ജംഗ്ഷനിൽ റോഡരികിലെ ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ ആഡംബര ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വീണ സംഭവം ഉണ്ടാകാൻ കാരണം മത്സര ഓട്ടമാണെന്ന്
മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. അപകട പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മത്സരയോട്ടത്തിൽ പങ്കെടുത്ത 2 ഇരുചക്ര വാഹനങ്ങൾ കൂടി എസ് ഐ കെ .ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.
അപകടമുണ്ടായ സമയത്ത് ആകെ 5 ബൈക്കുകൾ മത്സരയോട്ടത്തിൽ പങ്കെടുത്തെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി.എ.നസീർ വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിന് പുറമേ കെ എസ് ഇ ബി യുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസും വിഷ്ണു പ്രസാദിനെതിരെ കേസെടുത്തിട്ടുണ്ട്.
അമിത വേഗതയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത ദിവസം വാഹനത്തിന്റെ രേഖകളുമായി ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകും.
സംഭവത്തിൽ 12,160 രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് കെഎസ്ഇബി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. വൈദ്യുതി നിയമം അടക്കം ഉൾപ്പെടുത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.മൂന്നാം തിയതി വൈകിട്ട് നാലരയ്ക്കാണ് അമിതവേഗതയിലെത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാൻസ്‌ഫോർമറിന്റെ വേലിക്കുള്ളിലേക്ക് വീണത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു പ്രസാദ് നിസാര പരുക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു.