സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം ഇന്ന് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും
വയനാട്: സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം ഇന്ന് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടികവര്‍ഗ വികസന പദ്ധതിയായ വയനാട് ‘എന്നൂര്‍’ ഗോത്ര പൈതൃക ഗ്രാമമാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കുക.
മന്ത്രി പി.എ മുഹമ്മദ് റിയാസും ചടങ്ങില്‍ സംബന്ധിക്കും. അതിമനോഹരമാണ് വയനാട്ടിലെ ലക്കിടി എന്ന പ്രദേശം തന്നെ. ലക്കിടി മലയുടെ മുകളിലായാണ് സംസ്ഥാനത്തെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം വരുന്നത്. കോടമഞ്ഞും ചാറ്റല്‍ മഴയും നേരിയ കുളിര്‍ക്കാറ്റും നിറഞ്ഞ മനോഹര പ്രദേശം സ്വപ്ന തുല്യമായ സുന്ദരകാഴ്ചയാണ് സഞ്ചാരികള്‍ക്കായി കാത്തുവെക്കുന്നത്.
വിനോദസഞ്ചാര വകുപ്പും പട്ടികവര്‍ഗവികസന വകുപ്പും സംയുക്തമായാണ് ‘എന്‍ ഊര്’ പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗോത്രജനതയുടെ സംസ്‌കാരവും ജീവിത രീതികളും തൊട്ടറിയാനും വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്താനുമാണ് ‘എന്‍ ഊര്’ പൈതൃക ഗ്രാമം ലക്ഷ്യമിടുന്നത്.
ആദിവാസി കുടിലുകളില്‍ അന്തിയുറങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതേ അനുഭവം സമ്മാനിക്കുന്നതാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന താമസ സൗകര്യം. ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്, ഗോത്ര ജീവിതരീതികളും നാള്‍ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം തുടങ്ങിയവയും വിവിധ തരത്തിലുള്ള ഗോത്ര ഭക്ഷണങ്ങള്‍ ലഭിക്കുന്ന കഫ്റ്റീരികളും ഇവിടെയുണ്ടാകും.