പട്ടയ വിതരണം വേഗത്തിലാക്കണം; ഇടുക്കി താലൂക്ക് വികസന സമിതി


ഇടുക്കി: നിലവിലെ പട്ടയങ്ങളിന്മേല്‍ വിവിധ ഏജന്‍സികള്‍ നടത്തിവരുന്ന പരിശോധനകള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മുഴുവന്‍ ന്യൂനതകളും പരിഹരിച്ച് നിശ്ചിത സമയപരിധി കണക്കാക്കി പട്ടയങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈയില്‍ എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് താലൂക്ക് വികസന സമിതി.
തഹസില്‍ദാറിന്റെ ചേമ്ബറില്‍ ചേര്‍ന്ന യോഗത്തിലാണ് പട്ടയ വിതരണം വേഗത്തിലാക്കണമെന്ന ആവശ്യം സമിതി അംഗങ്ങള്‍ ഉന്നയിച്ചത്.
യോഗത്തില്‍ തിങ്കള്‍ക്കാട് മുതല്‍ പണിക്കന്‍കുടി വരെയുള്ള റോഡിന്റെ വീതി കൂട്ടാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും വഞ്ചിക്കവല മുതല്‍ ചെറുതോണി ടൗണ്‍ വരെയുള്ള ഓട വൃത്തിയാക്കി മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് തടയാനുള്ള പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങണമെന്നും സമിതി ആവശ്യപ്പെട്ടു.
നൂറ്റമ്ബതോളം കുടുംബക്കാര്‍ താമസിക്കുന്ന ശാസ്താംകണ്ടം റോഡ് ക്യാച്ച്‌മെന്റ് ഏരിയക്കുള്ളിലായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന സമിതിയുടെ പരാതിയില്‍ പരിഹാരം കാണാന്‍ വാഴത്തോപ്പ് ഡാം സേഫ്റ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പരിശോധന നടത്തി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും ഫുഡ് സേഫ്റ്റി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചെറുതോണിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട തുളസീധരന്‍ എന്നയാളുടെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്ന സമിതി അംഗങ്ങളുടെ ആവശ്യത്തിന് ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തുമെന്ന് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. താലൂക്ക് വികസന സമിതി യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തില്ലെങ്കില്‍ ജില്ലാ വികസന സമിതിക്കും വകുപ്പ് മേധാവികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യുമെന്നും തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തൃതല പഞ്ചായത്ത് അംഗങ്ങള്‍ തഹസീല്‍ദാര്‍ ജെയ്ഷ് ചെറിയാന്‍, സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.