വേനൽ മഴയിലെ വൈദ്യുതി പ്രതിസന്ധിയില്‍ നിന്ന് കേരളം കരകയറി
ഇടുക്കി: ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും മൂലം മേയില്‍ വേനല്‍ മഴ കനിഞ്ഞതിനാല്‍, രാജ്യമാകെ ബാധിച്ച വൈദ്യുതി പ്രതിസന്ധിയില്‍ നിന്ന് കേരളം കരകയറി.
വാങ്ങുന്ന വൈദ്യുതിയില്‍ 400- 500 മെഗാവാട്ട് കുറഞ്ഞതോടെ ഏപ്രില്‍ അവസാനം മുതല്‍ വൈദ്യുതി നിയന്ത്രണമായിരുന്നു. ചൂട് കൂടി ഉപഭോഗം വര്‍ദ്ധിച്ചതും കല്‍ക്കരി ക്ഷാമം മൂലം താപവൈദ്യുതി ഉത്പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിയുണ്ടാക്കിയത്. കേരളം പവര്‍ എക്‌സ്‌ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസമാണ് മേയ്. കല്‍ക്കരി ക്ഷാമം മൂലം അവിടെ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ല.
കനത്ത ചൂടില്‍ 92 ദശലക്ഷം യൂണിറ്റിലേറെ ഉപഭോഗം എത്തിയിരുന്നു. അപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായ ന്യൂനമര്‍ദ്ദം മൂലം മേയ് 11 മുതല്‍ മഴയെത്തിയത്. അതോടെ ഉപഭോഗം 70- 80 ദശലക്ഷം യൂണിറ്റായി ഇടിഞ്ഞു. മേയ് പാതിയായിട്ടും മഴ തുടര്‍ന്നതോടെ ഉപഭോഗം 70 ദശലക്ഷം യൂണിറ്റിലും കുറഞ്ഞു. മേയില്‍ കെ.എസ്.ഇ.ബി ഡാമുകളില്‍ 130 ദശലക്ഷം യൂണിറ്റിനുള്ള ജലമാണ് ഒഴുകിയെത്താറ്. ഈ മേയില്‍ 502.98 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം എത്തി. ഇതോടെ മേയില്‍ താപ വൈദ്യുതി ഉള്‍പ്പെടെ 701.58 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. 1658.65 ദശലക്ഷം യൂണിറ്റാണ് വാങ്ങിയത്. 2360.23 ദശലക്ഷം യൂണിറ്റാണ് മേയിലെ ഉപഭോഗം. കാലവര്‍ഷം ശക്തമായില്ലെങ്കിലും ഇന്നലെ 77 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം.