അടിമാലി ഗ്രാമപഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ നിന്നും വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ഗ്രാമപഞ്ചായത്തോഫീസിലെത്തി രേഖകള്‍ പരിശോധിച്ചു.പരിശോധനക്കായി ഇന്നലെ രാവിലെയായിരുന്നു വിജിലന്‍സ് സംഘം ഗ്രാമപഞ്ചായത്തോഫീസില്‍ എത്തിയത്.ഇടുക്കി വിജിലന്‍സ് സി ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉച്ചക്കു ശേഷം വിജിലന്‍സ് സംഘം രേഖകള്‍ പരിശോധിച്ച് മടങ്ങി.വിഷയത്തില്‍ കൂടുതല്‍ വ്യക്തവരുത്തുന്നതിനായി തുടര്‍ പരിശോധന ഉണ്ടാകുമെന്നാണ് വിജിലന്‍സ് സംഘം നല്കുന്ന സൂചന.2020 ജൂണ്‍ 19ന് പഞ്ചായത്തിലെ 21ാം വാര്‍ഡിലെ വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം രേഖകള്‍ പരിശോധിച്ചതെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ സതീഷ് കുമാര്‍ വ്യക്തമാക്കി.വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി ലഭിക്കുകയും പരാതി വിജിലന്‍സിന് കൈമാറുകയുമായിരുന്നുവെന്നാണ് വിവരം