100 കിലോയോളം ചന്ദനത്തടികള്‍ പിടികൂടി; ഇടുക്കി സ്വദേശി ഉൾപ്പെടെ അഞ്ചു പേര്‍ കസ്റ്റഡിയില്‍
കൊച്ചിയിൽ 100 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി. വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്.
ഇന്ന് രാവിലെ പനമ്പള്ളിനഗറിലെ ഒരു വാടക വീട്ടിൽ നിന്നാണ് 100 കിലോ ചന്ദനത്തടി വനംവകുപ്പ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയും ചോദ്യം ചെയ്തുവരുകയാണ്. ഇതിൽ നാല് പേർ ഇടുക്കി സ്വദേശികളും ഒരാൾ താമരശേരി സ്വദേശിയുമാണ്. ഇടുക്കിയിൽ നിന്ന് കൊണ്ടുവന്ന ചന്ദനമാണിതെന്നാണ് വിവരം. ആറ് മാസം മുൻപാണ് ഇടുക്കിയിൽ നിന്ന് ഈ ചന്ദനത്തടി മുറിച്ചിരിക്കുന്നത്. ഇടുക്കിയിലെ ചില സ്വകാര്യ ഭൂമികളിൽ നിന്ന് മുറിച്ച ചന്ദനത്തടിയാണെന്നാണ് പിടിയിലായവർ വനംവകുപ്പിന് നൽകിയിരിക്കുന്ന വിവരം. എന്നാൽ വനത്തിൽ കയറി മുറിച്ചതാണോ എന്ന കാര്യമുൾപ്പെടെ വനംവകുപ്പ് പരിശോധിക്കും.
വിൽപ്പനയ്‌ക്കായി ഇവർ ശ്രമം നടത്തി വരികയായിരുന്നു. ഇതിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇത് കണ്ടെത്തിയത്. ചന്ദനം വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ശ്രമങ്ങളും ചില ഏജന്റുമാർ മുഖേന പ്രതികൾ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾ ഇടുക്കിയിലും മൂവാറ്റുപുഴയിലും ഉൾപ്പടെ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ചന്ദനത്തടികൾ ഇടുക്കിയിൽ നിന്ന് എത്തിച്ചതാവാമെന്നാണ് വനംവകുപ്പ് കരുതുന്നത്. 20 ലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളാണെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്തെ ഇന്റലിജൻസ് വിങ്ങിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.