മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി വിലക്ക്; നേപ്പാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഇത് മറികടക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്.
വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയില്‍ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകള്‍, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടു. വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്ര ചെലവഴിക്കാനാണ് ഈ നിലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.