അടിമാലി- വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ആദ്യഘട്ട നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചു
അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന അടിമാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ആദ്യഘട്ട നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചു. നവീകരിച്ച റോഡിന്റെ ഉദ്ഘാടന ചടങ്ങ് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു നിര്‍വ്വഹിച്ചു. പതിനാലര ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. വില്ലേജ് പടിവരെയുള്ള 120 മീറ്റര്‍ റോഡിന്റെ വീതി വര്‍ധിപ്പിച്ചതിനൊപ്പം തറയോട് പാകി പാത കൂടുതല്‍ മനോഹരമാക്കി.
ഏഴാംവാര്‍ഡില്‍ ഉള്‍പ്പെട്ട ഇടവഴികള്‍ പൂര്‍ണ്ണമായി നവീകരിക്കുന്നതിന്റെയും മനോഹരമാക്കുന്നതിന്റെയും തുടക്കഘട്ടമെന്നോണമാണ് വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്തംഗം അനസ് ഇബ്രാഹിം പറഞ്ഞു. പാതയുടെ വീതി വര്‍ധിപ്പിക്കുവാനായി ഭൂമി വിട്ടു നല്‍കിയ റെജി ഇട്ടൂപ്പിനെ ചടങ്ങില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂര്‍ത്തി, ഗ്രാമപഞ്ചായത്തംഗം ബാബു പി കുര്യാക്കോസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, സമീപവാസികള്‍ എന്നിവര്‍ സംബന്ധിച്ചു.