അഞ്ചുവർഷം നീണ്ട തർക്കം അവസാനിപ്പിച്ച് മൂന്നര കിലോമീറ്റർ ഭൂമി വനംവകുപ്പ് വിട്ടുനൽകി;ദേശീയപാത വീതികൂട്ടലിന് : പച്ചക്കൊടി
മൂന്നാർ : കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ വീതികൂട്ടലുമായി ബന്ധപ്പെട്ട് വനംവകുപ്പുമായുള്ള തർക്കം പരിഹരിച്ചു. വനമേഖലയായ 3.32 കിലോമീറ്റർ ഭാഗം വനംവകുപ്പ് ദേശീയപാതയ്ക്കായി വിട്ടുനൽകി. ഇനി മരങ്ങൾ മുറിച്ച് വീതികൂട്ടൽ ജോലികൾ നടത്താം.
വനം വകുപ്പ് ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ 8.48 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതത്തിൽനിന്നു അടച്ചതോടെയാണ് തർക്കം അവസാനിച്ചത്.
വനംവകുപ്പ് അനുമതി നൽകിയതോടെ 3.32 കിലോമീറ്ററിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ലേല നടപടികൾ തുടങ്ങി. ചൊവ്വാഴ്ച ലേലം നടക്കും. മരങ്ങൾ മുറിച്ചുമാറ്റിയാലുടൻ പണികൾ ആരംഭിക്കും.
മാർച്ച് 31-ന് മുൻപ് മുഴുവൻ പണികളും പൂർത്തിയാക്കുമെന്ന് ദേശീയപാതാ അസി.എക്സി.എൻജിനീയർ പറഞ്ഞു.
അങ്ങനെ പരിഹരിച്ചു
ദേശീയപാതയിലെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്തെ വീതികൂട്ടൽ പണികൾ 2017 സെപ്റ്റംബറിലാണ് തുടങ്ങിയത്. എന്നാൽ, വനമേഖലയിലെ നിർമാണത്തിന് വനംവകുപ്പ് തടസ്സം നിന്നു. ദേവികുളം ബ്ലോക്ക് ഓഫീസ്, ഗ്യാപ് റോഡിലെ 70 മീറ്റർ, പൂപ്പാറ എന്നിവടങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാണ് വനംവകുപ്പ് തടസ്സം നിന്നത്.
മരങ്ങൾ മുറിക്കണമെങ്കിൽ 30 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെട്ടത്. ഉന്നതതലത്തിലെ ചർച്ചകളെ തുടർന്ന് അതിൽ കുറവ് വന്നു. കുറച്ചു തുക അടച്ചെങ്കിലും മരംമുറിക്കാൻ അനുമതി കിട്ടിയില്ല.
തുടർന്ന് ജനുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. നടപടികൾ സ്വീകരിക്കുന്നതിനായി കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതെ തുടർന്നാണ് വനം വകുപ്പ് ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാരിനനുവദിച്ച പദ്ധതി വിഹിതത്തിൽനിന്നും നൽകി പ്രശ്നം പരിഹരിച്ചത്.
കടകൾ മാറ്റുന്നതിനുള്ള തർക്കം തുടരുന്നുകൊച്ചി-ധനുഷ്‌കോടി ദേശീയപാതാ വികസനത്തിന് തടസ്സമായ വ്യാപാര സ്ഥാപനങൾ നീക്കംചെയ്യുന്നത് സംബന്ധിച്ച് തർക്കം തുടരുന്നു.
ദേവികുളം ഇറച്ചിൽപാറയിലെ അഞ്ചു സ്ഥാപനങൾ നീക്കംചെയ്യുന്നത് സംബന്ധിച്ചാണ് തർക്കം തുടരുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മറ്റു പണികൾ പൂർത്തിയാക്കിയ ശേഷമുള്ള ഓട നിർമാണമാണ് ഈ ഭാഗത്ത് നടന്നുവരുന്നത്.
എട്ടോളം കടകൾ ഇതിനകം നീക്കംചെയ്ത് ഓട നിർമിച്ചെങ്കിലും ബാക്കിയുള്ളവ മാറ്റാത്തതിനാൽ ബാക്കിയുള്ള സ്ഥലത്ത് ഓട നിർമിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ഒരാഴ്ചയ്ക്കുള്ളിൽ തർക്കം പരിഹരിച്ച് കടകൾ നീക്കംചെയ്ത് ഓട നിർമാണം ആരംഭിക്കുമെന്ന് ദേശീയപാത അസി.എക്സിക്യുട്ടീവ് എൻജിനീയർ റെക്സ് ഫെലിക്സ് പറഞ്ഞു.