ഈടില്ലാതെ ഉടനടി പണം; കടക്കെണിയിലാകുന്നത് ഇടത്തരക്കാർ, പലിശ സംഘങ്ങൾ സജീവം
നെടുങ്കണ്ടം ∙ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാത്ത ഇടത്തരക്കാരെ കടക്കെണിയിലാക്കി തമിഴ്നാട്ടിൽ നിന്നുള്ള വട്ടിപ്പലിശ സംഘങ്ങൾ ജില്ലയിൽ വീണ്ടും സജീവമാകുന്നു. പൊലീസിന്റെ ഓപ്പറേഷൻ കുബേരയ്ക്ക് ശേഷം നിർജീവമായ സംഘങ്ങളാണ് കോവിഡ് പ്രതിസന്ധിയും കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും ഉത്പാദനത്തകർച്ചയും മുതലാക്കി തോട്ടം മേഖലകളിലടക്കം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
40 മുതൽ 100 ദിവസത്തിനുള്ളിൽ ദിവസേന നിശ്ചിത തുക തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാണ് വട്ടിപ്പലിശ സംഘങ്ങൾ പണം നൽകുന്നത്. ഒരുലക്ഷം രൂപയ്ക്ക് 5000 മുതൽ 10,000 രൂപ വരെ പലിശയാണ് ഇത്തരം സംഘങ്ങൾ ഈടാക്കുന്നത്.10,000 രൂപ ആവശ്യപ്പെടുന്ന ഒരാൾക്ക് 9000 രൂപയാണ് ഇത്തരം സംഘങ്ങൾ നൽകുന്നത്.
എന്നാൽ, ദിവസവും 200 രൂപ വച്ച് 50 ദിവസങ്ങൾകൊണ്ട് 10,000 രൂപയും തിരിച്ചടക്കണം. തിരിച്ചടവിന് മുടക്കം വരുത്തിയാൽ പണം തിരികെ വാങ്ങാൻ ചുതലയുള്ള ഏജന്റ് ഫോണിലൂടെയും ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്.
ഈടില്ലാതെ ഉടനടി പണം
കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കാമെന്ന വ്യാജേനയാണു ചെറുകിട വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, വീട്ടമ്മമാർ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, കരാറുകാർ എന്നിവരെ മാഫിയ സംഘങ്ങൾ കെണിയിൽ പെടുത്തുന്നത്. ഈടില്ലാതെ പെട്ടെന്ന് പണം ലഭിക്കുമെന്നതാണ് സാധാരക്കാരെ ഇത്തരം സംഘങ്ങളിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം. ഭൂമിയുടെ ആധാരം, ചെക്ക്, വാഹനങ്ങളുടെ ആർസി ബുക്ക് തുടങ്ങിയവ ഈട് വാങ്ങി തുകകളും ഇത്തരം സംഘങ്ങൾ നൽകുന്നുണ്ട്.
പണം നൽകുന്ന തമിഴ് നാട് സംഘങ്ങൾ ഉടുമ്പൻചോല താലൂക്കിലെ ഗ്രാമീണ മേഖലകളിൽ സജീവമാണ്. ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങൾക്ക് ഇരയായവരിൽ പലരും ഭീഷണി ഭയന്ന് നിയമ നടപടികളുമായി മുന്നോട്ടു പോകാത്തതു സംഘങ്ങളുടെ പ്രവർത്തനം വ്യാപിക്കാൻ കാരണമാകുന്നു. വട്ടിപ്പലിശക്കാരെ ഒതുക്കാൻ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവണമെന്നാണ് ആവശ്യം.