ഇടുക്കി പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്
ഇടുക്കി പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. അന്യാര്‍തൊളു സ്വദേശി ആനിവേലില്‍ പ്രസാദ്, കല്‍തൊട്ടി സ്വദേശി കാനാട്ട് റെജി എന്നിവരാണ് പിടിയിലായത്. നഷ്ടപെട്ട വിഗ്രഹം റെജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.
2021 ജനുവരി 11നാണ് പോത്തിന്‍കണ്ടം ക്ഷേത്രത്തിലെ ഓടില്‍ നിര്‍മ്മിച്ച ഗുരുദേവ വിഗ്രഹം കാണാതായത്. പഞ്ചലോഹ വിഗ്രഹം എന്ന് തെറ്റിധരിച്ചാണ്, എട്ടര കിലോഗ്രാം ഭാരമുള്ള വിഗ്രഹം പ്രസാദ് മോഷ്ടിച്ചത് പിന്നീട്, റെജിയുടെ വീട്ടില്‍ വിഗ്രഹം എത്തിയ്ക്കുകയും വില്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. വിഗ്രഹത്തില്‍ നിന്നും ചെവി അടര്‍ത്തി മാറ്റി, തമിഴ്‌നാട്ടിലടക്കം, വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലവും പഞ്ചലോഹം അല്ലാത്തതിനാലും വില്‍പ്പന നടക്കാതിരിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാപ്പില്‍ ഇരുന്ന് മദ്യപിയ്ക്കുന്നതിനിടെ സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട്, പ്രസാദ് വിവരം പറയുകയും വില്‍പ്പന നടന്നാല്‍ അന്‍പതിനായിരത്തോളം രൂപ കിട്ടുമെന്ന് അറിയിക്കുകയുമായിരുന്നു. പ്രസാദിന്റെ സുഹൃത്ത് ഈ വിവരം, ക്ഷേത്രം ഭാരവാഹികളെ അറിയ്ക്കുകയാരുന്നു.
തുടര്‍ന്ന് കമ്പംമെട്ട് പോലിസ് പ്രസാദിനെ അറസ്റ്റ് ചെയ്യുകയും, ചോദ്യം ചെയ്യലില്‍, വിഗ്രഹം റെജിയുടെ വീട്ടില്‍ ഉണ്ടെന്ന് അറിയിക്കുകയുമായിരുന്നു. റെജിയുടെ വീട്ടില്‍ നിന്നും, ചാക്കില്‍ പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കി സൂക്ഷിച്ചിരുന്ന വിഗ്രഹം കണ്ടെടുത്തു.