“ചാരിറ്റിയാണ് സാറെ ഞങ്ങടെ മെയിൻ” ,ചാരിറ്റിയുടെ മറവിൽ വീടുകളിൽ നിന്നും തുണിത്തരങ്ങൾ ശേഖരിച്ച് മറിച്ചു വിൽക്കുന്ന സംഘത്തെ നാട്ടുകാർ തുരത്തി
കട്ടപ്പന : ചാരിറ്റി പ്രവർത്തനത്തിനെന്ന പേരിൽ വീടുകൾ തോറും കയറിയിറങ്ങി തുണിത്തരങ്ങൾ ശേഖരിച്ചു മറിച്ചു വിൽക്കുന്ന സംഘത്തെ കട്ടപ്പനക്കാർ തുരത്തി. നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി എത്തുന്ന കുന്തളംപാറ റോഡിലാണ് തട്ടിപ്പു സംഘം വ്യാപകമായി തുണിത്തരങ്ങൾ വിറ്റഴിച്ചിരുന്നത്.വിൽക്കുന്ന തുണിയുടെ ഗുണമേൻമയിൽ സംശയം തോന്നിയ സമീപത്തെ വ്യാപാരികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഗ്രാമപ്രദേശങ്ങളിലെ വീടുകൾ തോറും കയറിയിറങ്ങുന്ന സ്ത്രീ അടങ്ങുന്ന അഞ്ചംഗ തമിഴ് സംഘം അനാഥാലയങ്ങളിലേയ്ക്ക് എന്ന പേരിൽ പഴയ വസ്ത്രങ്ങളും,പണവും വാങ്ങുകയാണ് പതിവ്. പണമാണ് നൽകുന്നതെങ്കിൽ രസീതുമുണ്ടത്രേ! ഒരാഴ്ച്ച ഇത്തരത്തിൽ വസ്ത്രവും,പണവും ശേഖരിക്കും.തുടർന്ന് വാടകയ്ക്കെടുത്തിരിക്കുന്ന ലോഡ്ജ് മുറിയിൽ എത്തിച്ച് വേർതിരിച്ച് ഇസ്തിരിയിട്ട് തുണികൾ പുതിയത് പോലെയാക്കും.ശേഷം തൊഴിലാളികൾ ഒത്തുചേരുന്ന കുന്തളംപാറ റോഡരകിൽ വിൽപ്പന.കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ ആവശ്യക്കാരും ഏറെയാണ്.നാട്ടുകാർ ഇടപെട്ടപ്പോൾ കോട്ടയത്തെ ഇല്ലാത്ത കമ്പനിയുടെ പേര് പറഞ്ഞ് സംഘം ന്യായീകരിക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. ഇനിയും നിന്നാൽ തല്ലു കൊള്ളേണ്ടി വരുമെന്ന ഭയത്താൽ കിട്ടിയ തുണിയുമായി തട്ടിപ്പു വീരൻമാർ സ്ഥലം കാലിയാക്കി. വീണ്ടും കണ്ടാൽ കൈയ്യോടെ പൊലീസിൽ ഏൽപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.