ആദ്യരാത്രിക്കു ശേഷം രണ്ടര ലക്ഷം രൂപയും മുപ്പതു പവനുമായി മുങ്ങി;നവവരൻ അറസ്റ്റിൽ

അടൂർ : വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയ വരൻ കായംകുളം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് അറസ്റ്റിലായത്.
ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്.
തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ വധൂഗൃഹത്തില്‍ നിന്നും മുങ്ങിയത്.
ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളും വിവാഹത്തിന് നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.