സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഏപ്രില്‍ 28 ന്

യോഗം നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10.30 മുതല്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജില്ലാതല യോഗം തിങ്കൾ രാവിലെ 10.30 മുതല്‍ 12.30 വരെ നെടുങ്കണ്ടത്ത് നടക്കും.
നെടുങ്കണ്ടം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തെ വേദിയിലാണ് യോഗം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും.
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, കര്‍ഷക തൊഴിലാളികള്‍, കര്‍ഷകര്‍, സംരംഭകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍, പൗരപ്രമുഖര്‍, ട്രേഡ് യൂണിയന്‍-തൊഴിലാളി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും.
ജനങ്ങള്‍ക്ക് പറയുവാനും പങ്കുവയ്ക്കാനുമുള്ള കാര്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കുന്നതിനും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് അവയില്‍ നടപ്പാക്കാന്‍ കഴിയുന്നവ പ്രാവര്‍ത്തികമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലെയും പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് ഉതകുന്ന ആശയ രൂപീകരണമാണ് യോഗത്തിന്റെ ലക്ഷ്യം.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി., എംഎല്‍എമാരായ എം.എം മണി, വാഴൂര്‍ സോമന്‍, പി. ജെ ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും യോഗം നടക്കുന്നുണ്ട്.
നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും.
















































































































