മൂന്നാർ;പുലർകാല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ;അതിശൈത്യം ആരംഭിച്ചതോടെ മഞ്ഞു വീഴ്ചയും ശക്തമാണ്


മൂന്നാർ∙ ക്രിസ്മസിന്റെ ആഘോഷങ്ങൾക്കിടെ ചൂടുപിടിക്കുമ്പോൾ നന്നായൊന്നു തണുക്കണോ? നേരെ മൂന്നാറിലേക്കു വണ്ടിവിടാം. അതിശൈത്യത്തിലേക്ക് അതിവേഗം വഴുതി വീഴുന്ന മൂന്നാറിൽ ഇന്നലെ പുലർകാല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെയെത്തി. മൂന്നാർ ടൗൺ മേഖലയിൽ നാല് ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളിലാണ് രണ്ട് ഡിഗ്രി വരെ താപനില താഴ്ന്നത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടിയിൽ 6 ഡിഗ്രി സെൽഷ്യസായിരുന്നു.
കന്നിമല, ലക്ഷ്മി പ്രദേശങ്ങളിൽ 5 ഡിഗ്രിയും രേഖപ്പെടുത്തി. അതിശൈത്യം ആരംഭിച്ചതോടെ മഞ്ഞു വീഴ്ചയും ശക്തമാണ്. രാത്രികാല മഞ്ഞ് വീഴ്ചയും പ്രഭാതത്തിലെ വെയിലുമേറ്റ് തേയിലച്ചെടികൾ വാടിക്കരിയാൻ തുടങ്ങിയിട്ടുണ്ട്. കുളിരാസ്വദിക്കാൻ സന്ദർശകരുടെ നല്ല തിരക്കാണിപ്പോൾ മൂന്നാറിൽ. മുൻപ് ശൈത്യകാല സന്ദർശകരിൽ കൂടുതലും വിദേശികളായിരുന്നു. എന്നാൽ വളരെ കുറച്ച് വിദേശികൾ മാത്രമാണ് ഈ സീസണിൽ ഉള്ളത്.